എറണാകുളം: എസ്എംഎ ബാധിച്ച് മരിച്ച ഇമ്രാന്‍റെ ചികിത്സയ്ക്ക് വേണ്ടി ശേഖരിച്ച പണം എങ്ങനെ വിനിയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സർക്കാരിനോട് ചോദിച്ച് ഹൈക്കോടതി. ഈ പണം മറ്റ് കുട്ടികളുടെ ചികിത്സയ്ക്കായി ഉപയോഗിച്ചുകൂടെ എന്നും കോടതി ചോദിച്ചു.
ക്രൗഡ് ഫണ്ടിംഗിലൂടെ സ്വരൂപിച്ച പണത്തെ സംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കാൻ സർക്കാരിന് കോടതി നിർദേശം നൽകിയിട്ടുണ്ട്. അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്കുള്ള ഫണ്ട് രൂപീകരണം സംബന്ധിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി ഇമ്രാന്‍റെ ചികിത്സയ്ക്കായി ശേഖരിച്ച തുകയെക്കുറിച്ച് വിശദീകരണം തേടിയത്.
Also Read: കട്ടപ്പനയിൽ 14 വയസുകാരി മരിച്ച നിലയില്‍
സ്പൈനൽ മസ്‌കുലാർ അട്രോഫി ബാധിച്ച് മൂന്നരമാസമായി കോഴിക്കോട് മെഡിക്കൽ കോളജിലെ വെന്‍റിലേറ്ററിലായിരുന്നു കുളങ്ങരത്തൊടി ആരിഫിന്‍റെ മകനായ ആറ് മാസം പ്രായമുള്ള ഇമ്രാൻ.
ചികിത്സയ്ക്കായി പതിനാറര കോടി രൂപ സമാഹരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കുട്ടി മരിക്കുകയായിരുന്നു. നേരത്തെ ഇമ്രാന് ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സമർപ്പിച്ച ഹർജി ഹൈക്കോടതി പരിഗണിച്ചിരുന്നു.
കുട്ടിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ ഹൈക്കോടതി നിർദേശപ്രകാരം മെഡിക്കൽ ബോർഡ് രൂപീകരിക്കുകയും കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്‌തിരുന്നു.