എറണാകുളം: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സര്‍ക്കാരിന് തിരിച്ചടി. സിബിഐ അന്വേഷണത്തിനെതിരായ സര്‍ക്കാരിന്‍റെ അപ്പീല്‍ ഹൈക്കോടതി തള്ളി. സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പെരിയ കേസ് സി.ബി.ഐക്ക് കൈമാറാന്‍ സിംഗിള്‍ ബഞ്ച് ഉത്തരവിടുന്നത്. എന്നാൽ സുപ്രീം കോടതിയിലെ അടക്കം പ്രമുഖ അഭിഭാഷകരെ ഇറക്കി സർക്കാർ ഇതിനെതിരെ നിയമ നടപടിയിലേക്ക് കടക്കുകയായിരുന്നു. ഇത് രാഷ്ട്രീയ വിവാദങ്ങൾക്കും കാരണമായിരുന്നു. വാദം പൂർത്തിയായി ഒമ്പത് മാസത്തിന് ശേഷമാണ് കോടതി വിധി പറയുന്നത്. അതേസമയം ക്രൈം ബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
വിധി വരാതെ അന്വേഷണം തുടരാനാകില്ലെന്ന് സി.ബി.ഐ കഴിഞ്ഞയാഴ്‌ച കോടതിയെ അറിയിച്ചിരുന്നു. വിധി പ്രസ്‌താവം വൈകുന്ന സാഹചര്യത്തിൽ കേസ് മറ്റൊരു ബഞ്ചിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. വാദം പൂർത്തിയാക്കിയ കേസിൽ വിധി പ്രസ്താവം ആറു മാസത്തിൽ കൂടുതൽ വൈകിയാൽ പരാതിക്കാരന് കോടതിയെ സമീപിച്ച് വീണ്ടും വാദം നടത്താൻ ആവശ്യപ്പെടാമെന്ന വിധിന്യായങ്ങൾ ചൂണ്ടികാണിച്ചായിരുന്നു ബന്ധുക്കള്‍ കോടതിയെ സമീപിച്ചത്.