എറണാകുളം: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിന്‍റെ നിയമനത്തിനെതിരായ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. പ്രിയ വർഗീസിനെ റാങ്ക് പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പട്ടികയിലെ രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയയാണ് ഹർജി നൽകിയത്. ജസ്‌റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജിയിൽ വിധി പറയുക. ഹർജിയിൽ വാദം നടന്ന വേളയിൽ വലിയ രീതിയlലുള്ള വിമർശനം പ്രിയ വർഗീസിനു നേരെ കോടതി നടത്തിയിരുന്നു.
കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാൻ പ്രിയ വർഗീസിന് മതിയായ യോഗ്യതയില്ലെന്നാണ് ഹർജിക്കാരന്‍റെ വാദം. എന്നാൽ ഇവർക്ക് യോഗ്യതയുണ്ടെന്നും നിയമനനടപടികൾ അന്തിമ ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്നുമാണ് സർവകലാശാല കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. എന്നാൽ വ്യക്തമായ വിവരങ്ങൾ ഉൾപ്പെടുത്താതെ സർവകലാശാല നൽകിയ സത്യവാങ്മൂലത്തിൽ കോടതി അതൃപ്‌തിയും പ്രകടിപ്പിച്ചിരുന്നു.
യോഗ്യതാ രേഖകൾ സ്ക്രൂട്ടനിങ് കമ്മിറ്റി എങനെ പരിശോധിച്ചുവെന്നതടക്കമുള്ള കോടതിയുടെ ചോദ്യങ്ങൾ സർവകലാശയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അസോസിയേറ്റ് പ്രൊഫസർ നിയമനം കുട്ടിക്കളിയല്ല, മികച്ച അധ്യാപകരാണ് നിയമിക്കപ്പെടേണ്ടത്. ഇക്കാര്യത്തിൽ സർവകലാശാലയുടെ നിലപാട് മറ്റൊന്നാണെന്നും കോടതി സൂചിപ്പിച്ചിരുന്നു.
ഗവേഷണ കാലയളവ് അധ്യാപന പരിചയമാണെനായിരുന്നു പ്രിയാ വർഗീസിന്‍റെ വാദം. എന്നാൽ സ്‌റ്റുഡന്‍സ് സർവീസസ് ഡയറകടർ പദവി അധ്യാപന പരിചയത്തിന്‍റെ ഭാഗമല്ലെന്നും എൻഎസ്എസിനു പോയി കുഴി വെട്ടിയതൊന്നും അധ്യാപന പരിചയമാകില്ലെന്നും കോടതി വിമർശിച്ചിരുന്നു. യുജിസി ചട്ടങ്ങൾ പാലിക്കപ്പെടണമെന്ന നിലപാടാണ് കോടതി ഇതു വരെ സ്വീകരിച്ചിട്ടുള്ളത്.