എറണാകുളം : കോഫേപോസ കരുതൽ തടങ്കലുമായി ബന്ധപ്പെട്ട സംസ്ഥാന പൊലീസ് മേധാവിയുടെ രഹസ്യ കത്ത് ചോർന്ന സംഭവത്തിൽ അന്വേഷണം നടത്തി നടപടി എടുക്കാൻ ഹൈക്കോടതി ഉത്തരവ്. എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണമെന്നും വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി എടുക്കണമെന്നുമാണ് കോടതി ഡി ജി പിക്ക് നൽകിയ നിർദേശം. സ്വർണ കള്ളക്കടത്ത് നടത്തിയ മലപ്പുറം സ്വദേശിക്കെതിരെ കേന്ദ്ര ഇക്കണോമിക് ഇന്‍റലിജൻസ് ബ്യൂറോ കോഫേപോസ നിയമപ്രകാരം കരുതൽ തടങ്കലിന് ഉത്തരവിട്ടിരുന്നു.
ഇക്കാര്യം അറിയിക്കുകയും ഡി ജി പി ഇത് സംബന്ധിച്ച വിവരം രഹസ്യ സ്വഭാവമുള്ള രേഖയെന്നുള്ള രീതിയിൽ ബന്ധപ്പെട്ട ജില്ല പൊലീസ് മേധാവിക്ക് കൈമാറുകയും ചെയ്‌തു. അതീവ രഹസ്യമായി നടത്തേണ്ടതാണ് ഈ നടപടിക്രമങ്ങൾ. എന്നാൽ ഇതിനിടെ കരുതൽ തടങ്കൽ ഉത്തരവിന് വിധിക്കപ്പെട്ട പ്രതി ഒളിവിലിരുന്നുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചു.
ഹർജിയോടൊപ്പം ഡി ജി പിയുടെ രഹസ്യ കത്തും പ്രതി ഹാജരാക്കിയതോടെയാണ് വിഷയം പുറത്തായത്. തുടർന്ന് സംഭവം ഗുരുതര വീഴ്ചയാണെന്ന് ഡി.ആർ.ഐക്ക് വേണ്ടി ഹാജരായ ഡി.എസ്.ജി.ഐ എസ് മനു ആരോപിച്ചതിനെ തുടർന്ന് കോടതി പൊലീസിൽ നിന്നും വിശദീകരണം തേടി. സ്ഥലം സബ് ഇൻസ്പെക്‌ടറുടെ പക്കൽ നിന്ന് അബദ്ധത്തിൽ രഹസ്യ രേഖയുടെ പകർപ്പ് പുറത്തുപോയെന്നായിരുന്നു പൊലീസിന്‍റെ വിശദീകരണം.
എന്നാൽ ഇക്കാര്യത്തിൽ വിശദമായ അന്വേഷണവും നടപടികളും എടുത്ത് നവംബർ 28 നകം റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു.