എറണാകുളം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ മിനിമം വേതനം പുന:പരിശോധിക്കണമെന്ന് ഹൈക്കോടതി. 2018 ലാണ് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം വേതനം നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഈ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി മിനിമം വേതനം പുന:പരിശോധിക്കണമെന്നും ഉത്തരവിട്ടു.
ആശുപത്രി മാനേജ്‌മെന്‍റുകളുടെയും നഴ്‌സുമാരുടെ സംഘടനകളുടെയും ഭാഗം കൂടി കേട്ട ശേഷം മൂന്ന് മാസത്തിനുള്ളിൽ വേതനം പുനർ നിർണയിക്കാനും കോടതി സർക്കാരിന് നിർദേശം നൽകി. വ്യാപക സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഒടുവിലായിരുന്നു 2018-ൽ നഴ്‌സുമാരുടെ മിനിമം വേതനം സർക്കാർ നിശ്ചയിച്ചത്. 50 കിടക്കകൾ വരെയുള്ള ആശുപത്രികളിൽ മിനിമം വേതനം 20,000 രൂപയായിട്ടും പരമാവധി 30,000 രൂപയായിട്ടുമായിരുന്നു സർക്കാർ ഉത്തരവ്.
എന്നാൽ ഇതിനെതിരെ ആശുപത്രി മാനേജ്‌മെന്‍റും നഴ്‌സുമാരുടെ സംഘടനകളും നൽകിയ വ്യത്യസ്‌ത ഹർജികളിലാണ് വേതനം പുനർനിർണയിക്കാനുള്ള നിർദേശം. തങ്ങളോട് കൂടിയാലോചിക്കാതെ 2018 ൽ ഏകപക്ഷീയമായാണ് സർക്കാർ മിനിമം വേതനം പ്രഖ്യാപിച്ചതെന്നായിരുന്നു മാനേജ്‌മെന്‍റുകളുടെ വാദം. സർക്കാർ സർവീസിലെ നഴ്‌സിന്‍റെ അടിസ്ഥാന ശമ്പളം 39,300 രൂപയാണെന്നും ഈ കണക്കിലേക്ക് സ്വകാര്യ മേഖലയിലെ നഴ്‌സുമാരെ കൂടി ഉയർത്തണമെന്ന് നഴ്‌സസ് അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു.