എറണാകുളം: ഗവർണറുടെ കാരണം കാണിക്കൽ നോട്ടിസിനെതിരായ വൈസ് ചാന്‍സലര്‍മാരുടെ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പുറത്താക്കിയ നടപടി ചോദ്യം ചെയ്‌ത് കേരള സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹർജികളും ഇതേ സിംഗിൾ ബഞ്ചാണ് പരിഗണിക്കുന്നത്. കാരണം കാണിക്കൽ നോട്ടിസിന്മേല്‍ രേഖാമൂലം മറുപടി നൽകാൻ ഒക്ടോബര്‍ ഏഴ് വരെ വിസിമാർക്ക് ഹൈക്കോടതി സമയം നീട്ടി നൽകിയിരുന്നു.
നിയമവിരുദ്ധമായ നോട്ടിസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് വിസിമാരുടെ ഹർജികൾ. രാജിവയ്ക്കാനാവശ്യപ്പെട്ട് ഗവർണർ നേരത്തെ നൽകിയ നോട്ടിസിന്‍റെ തുടർച്ചയാണ് കാരണം കാണിക്കൽ നോട്ടീസ് എന്നാണ് വിസിമാരുടെ വാദം. രാജി വയ്ക്കാനാവശ്യപ്പെട്ടുള്ള നോട്ടിസ് നേരത്തെ കോടതി അസാധുവാക്കിയത് വാദമായും ഹർജിക്കാർ കോടതിയിൽ ഉന്നയിച്ചിട്ടുണ്ട്.
Read More: 'വിസി നിയമനത്തില്‍ ക്രമക്കേട് ഉണ്ടെങ്കിൽ ചാൻസലർ കണ്ടില്ലായെന്ന് നടിക്കണോ?'; ഹൈക്കോടതി
നിയമനത്തിൽ ക്രമക്കേട് ഉണ്ടെങ്കിൽ ചാൻസലറായ ഗവർണർ കണ്ടില്ലായെന്ന് നടിക്കണോ എന്ന ചോദ്യം കോടതി കഴിഞ്ഞ ദിവസം വിസിമാരോട് ചോദിച്ചിരുന്നു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നോട്ടീസ് അയച്ചതെന്നാണ് ഗവർണറുടെ നിലപാട്. പുറത്താക്കിയ നടപടി ചോദ്യം ചെയ്‌തുള്ള കേരള സർവകലാശാല സെനറ്റംഗങ്ങളുടെ ഹർജികളിൽ സർവകലാശാല ഇന്ന് സത്യവാങ്മൂലം സമർപ്പിച്ചേക്കും. സെർച്ച് കമ്മിറ്റി അംഗത്തെ നാമനിർദേശം ചെയ്യാനായി യോഗം കൂടുന്നത് സംബന്ധിച്ചാകും സർവകലാശാല വ്യക്തത വരുത്തുക.