എറണാകുളം : സ്വകാര്യ ബസുകളിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്ന സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ നൽകിയ ഹർജിയിലാണ് സ്റ്റേ ഉത്തരവ്. ഹർജിയിൽ സംസ്ഥാന സർക്കാരിനും ഗതാഗത കമ്മിഷണർക്കും ജസ്റ്റിസ് ദിനേശ് കുമാർ സിങിന്‍റെ ബഞ്ച് നോട്ടിസ് അയച്ചു.
ബസുകളിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്ന ഉത്തരവിടാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നാണ് ഹർജിയിലെ വാദം. വാഹനങ്ങളിൽ സുരക്ഷ ഉപകരണങ്ങൾ സ്ഥാപിക്കുന്നത് കേന്ദ്ര നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. എന്നാൽ നിയമത്തിൽ ഒരിടത്തും സ്റ്റേജ് കാര്യേജ് ബസുകളിൽ ക്യാമറ സ്ഥാപിക്കണമെന്ന് പറയുന്നില്ല. അതുകൊണ്ടുതന്നെ സംസ്ഥാന സർക്കാരിന്‍റെ ഉത്തരവ് അധികാരപരിധി മറികടന്നുള്ളതാണെന്നും ഹർജിയിൽ പറയുന്നു.
നവംബർ ഒന്ന് മുതൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്നായിരുന്നു ഉത്തരവ്. നിരീക്ഷണ ക്യാമറ നിർബന്ധമാക്കിയതടക്കമുള്ള വിഷയങ്ങളിൽ ഇടപെടൽ ആവശ്യപ്പെട്ട് സ്വകാര്യ ബസുകൾ നേരത്തെ സൂചന പണിമുടക്ക് നടത്തിയിരുന്നു. നിരീക്ഷണ ക്യാമറ ഘടിപ്പിക്കണമെന്ന നിലപാടിൽ വിട്ടു വീഴ്‌ച ചെയ്യാനാകില്ലെന്ന് ഇന്നലെ മന്ത്രി ആന്‍റണി രാജു വ്യക്തമാക്കിയിരുന്നു.