കള്ളപ്പണം വെളുപ്പിക്കൽ : വി.കെ ഇബ്രാഹിംകുഞ്ഞിനെതിരായ ഇഡി അന്വേഷണത്തിന് സ്റ്റേ - ചന്ദ്രിക
ചന്ദ്രികയുടെ അക്കൗണ്ടിലൂടെ 10 കോടി വെളുപ്പിച്ചെന്ന കേസിൽ ഇബ്രാഹിം കുഞ്ഞ് നൽകിയ അപ്പീലിലാണ് സ്റ്റേ

എറണാകുളം : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ ഇഡി (Enforcement Directorate (ED)) അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്‌തു.
നോട്ട് നിരോധനത്തെ തുടർന്ന് മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ അക്കൗണ്ടിലൂടെ 10 കോടി വെളുപ്പിച്ചെന്ന കേസിൽ ഇബ്രാഹിം കുഞ്ഞ് നൽകിയ അപ്പീലിലാണ് കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക് അന്വേഷണ ഉത്തരവ് സ്‌റ്റേ ചെയ്‌തത്. അന്ന് ചന്ദ്രികയുടെ ഭരണസമിതി ചെയർമാനായിരുന്നു അദ്ദേഹം.
പാലാരിവട്ടം പാലത്തിന്‍റെ നിർമാണക്കരാർ ഏറ്റെടുത്ത കമ്പനി നല്‍കിയ കോഴപ്പണമാണ് ചന്ദ്രികയുടെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്നാണ് കേസ്. ഇതില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്.
നോട്ട് നിരോധന കാലത്ത് ചന്ദ്രിക ദിനപ്പത്രത്തിൻ്റെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ എൻഫോഴ്സ്മെന്‍റ് അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു വി.കെ ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ അപ്പീൽ സമർപ്പിച്ചിരുന്നത്.
ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയ ഇഡി, പി.കെ കുഞ്ഞാലിക്കുട്ടി, മുയീൻ അലി, വി.കെ ഇബ്രാഹിം കുഞ്ഞ് എന്നിവരെ ചോദ്യം ചെയ്തിരുന്നു. അക്കൗണ്ടിലെ തുക പത്രത്തിന്‍റെ വരിസംഖ്യ ഇനത്തിൽ ശേഖരിച്ച തുകയാണെന്ന് കാണിക്കുന്ന രേഖകൾ അദ്ദേഹം ഇഡിക്ക് മുൻപാകെ സമർപ്പിക്കുകയും ചെയ്‌തു.
അതേസമയം താൻ പാർട്ടി പത്രത്തിന്‍റെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചിട്ടില്ലെന്നും തന്‍റെ വാദം കേൾക്കാതെയാണ് സിംഗിൾ ബഞ്ച് ഉത്തരവ് എന്നുമായിരുന്നു ഇബ്രാഹിം കുഞ്ഞിന്‍റെ വാദം.
പാർട്ടി പത്രത്തിന്‍റെ അക്കൗണ്ടിലേക്ക് 2016ൽ ഇബ്രാഹിം കുഞ്ഞ് 10 കോടി രൂപ നിക്ഷേപിച്ചെന്നും ഇത് പാലാരിവട്ടം മേൽപ്പാലം നിർമാണ ഇടപാടിൽ ലഭിച്ച കോഴപ്പണമാണെന്നും ആരോപിച്ച് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഓഗസ്‌റ്റ് 17ന് ഇഡി അന്വേഷണത്തിന് ഉത്തരവിട്ടത്.