എറണാകുളം: സിഎംആർഎൽ കമ്പനിയിൽ നിന്ന് മുഖ്യമന്ത്രിയുടെ മകൾ വീണയടക്കം മാസപ്പടി വാങ്ങിയ സംഭവത്തിൽ കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്രം ഹൈക്കോടതിയിൽ. സീരിയസ് ഫ്രോഡ് ഇൻവസ്‌റ്റിഗേഷൻ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് വീണയുടെ എക്‌സാലോജിക് കമ്പനിയ്‌ക്കെതിരെയടക്കം അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.
ഇതെത്തുടർന്ന് കമ്പനികാര്യ മന്ത്രാലയത്തിന്‍റെ അന്വേഷണ ഉത്തരവിന്‍റെ പകർപ്പ് ഹാജരാക്കാൻ നിർദേശിച്ച ഹൈക്കോടതി, ഹർജി ഈ മാസം 24 ലേക്ക് മാറ്റി. സീരിയസ് ഫ്രോഡ് ഇൻവസ്‌റ്റിഗേഷൻ ഏജൻസിയുടെ അന്വേഷണമാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചിട്ടുണ്ട്.
മാസപ്പടി വാങ്ങിക്കൊണ്ട് രാഷ്ട്രീയ നേതാക്കളും, കമ്പനിയും ചേർന്ന് അഴിമതി നടത്തിയിട്ടുണ്ടെന്നും, കേരള തീരത്തെ അനധികൃത മൈനിങിനായി വൻ തുക കോഴയായി ചെലവഴിച്ചിട്ടുണ്ടെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം. ഇത് കേരളത്തിന് വലിയ പൊതു നഷ്‌ടം ഉണ്ടാക്കി. ഇക്കാര്യത്തിൽ അന്വഷണം ആവശ്യപ്പെട്ട് നേരത്തെ എസ്എഫ്ഐഒയ്ക്ക് കത്ത് നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും ഹർജിയിൽ പറയുന്നു.
Also Read: മാസപ്പടി വിവാദം; 'പിവി' പിണറായി വിജയന്‍ തന്നെ'; രൂക്ഷ വിമര്‍ശനവുമായി അഡ്വ.ഷോണ്‍ ജോര്‍ജ്