എറണാകുളം : ശബരിമലയില്‍ അരവണ നിര്‍മാണത്തിനുപയോഗിക്കുന്ന ഏലയ്‌ക്ക ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ കൊച്ചി ലാബില്‍ പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. തിങ്കളാഴ്‌ച എഫ്.എസ്.എസ്.എ.ഐ എക്സിക്യുട്ടീവ് ഡയറക്‌ടര്‍ പരിശോധനാ റിപ്പോർട്ട് സമർപ്പിക്കണം. ഗുണനിലവാരമില്ലാത്ത ഏലയ്‌ക്കയാണ് അരവണ നിര്‍മാണത്തിന് ഉപയോഗിക്കുന്നതെന്ന് നേരത്തെ തിരുവനന്തപുരത്തെ സര്‍ക്കാര്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
അയ്യപ്പ സ്‌പൈസസ് കമ്പനി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു ശബരിമല എക്‌സിക്യുട്ടീവ് ഓഫിസര്‍ ഏലയ്ക്കയുടെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്. കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം, എഫ്.എസ്.എസ്.എ.ഐ തുടങ്ങിയവയേയും കോടതി സ്വമേധയാ ഹര്‍ജിയില്‍ കക്ഷി ചേർത്തിരുന്നു. അനുവദനീയമായ അളവിനേക്കാൾ കീടനാശിനിയുടെ അംശമടങ്ങിയ ഏലയ്ക്ക ഭക്ഷ്യ സുരക്ഷാ മാനദണ്ഡപ്രകാരം സുരക്ഷിതമല്ലെന്നായിരുന്നു തിരുവനന്തപുരത്തെ ലാബിന്‍റെ റിപ്പോർട്ട്.
ശബരിമലയിലേക്ക് കഴിഞ്ഞ വർഷം വരെ ഏലയ്ക്ക വിതരണം ചെയ്‌തത് അയ്യപ്പ സ്പൈസസ് ആയിരുന്നു. എന്നാൽ ഇത്തവണ കൃത്യമായ ടെൻഡർ നടപടികളിലൂടെയല്ലാതെ പ്രാദേശിക വിതരണക്കാരന് കരാർ നൽകിയെന്നാരോപിച്ചായിരുന്നു ഹർജി. പമ്പയിലെ പരിശോധന അടിസ്ഥാനപ്പെടുത്തി കരാർ നൽകിയത് അനുചിതമെന്നും തിരുവനന്തപുരം സർക്കാർ ലാബിൽ പരിശോധന നടത്തണമെന്നും ആവശ്യമുന്നയിച്ചിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഏലയ്ക്ക സാമ്പിൾ പരിശോധനയ്ക്ക് തിരുവനന്തപുരത്തെ ലാബിലേക്കയയ്ക്കാൻ കോടതി ഇടക്കാല ഉത്തരവിട്ടത്. ഹർജി ഹൈക്കോടതി തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും