എറണാകുളം: ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്‍റെ ഭാഗമായി ശബരിമലയിൽ ഭക്ഷ്യ സുരക്ഷ ഓഡിറ്റ് നടത്താൻ ഹൈക്കോടതി ദേവസ്വം ബെഞ്ചിന്‍റെ നിർദേശം. വിഷയത്തിൽ സ്വമേധയ കേസെടുത്ത കോടതി ഭക്ഷ്യ സുരക്ഷ കമ്മിഷണർ, ദേവസ്വം കമ്മിഷണർ, കേന്ദ്ര ഭക്ഷ്യ സുരക്ഷ നിലവാര അതോറിറ്റി എന്നിവരെ കക്ഷി ചേർത്തു. ഏലക്കയിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയത് സംബന്ധിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം.
പമ്പയിലെ ലാബിൽ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പരിശോധന നടത്താൻ സൗകര്യം ഇല്ലെന്നത് ശ്രദ്ധയിൽപ്പെട്ടതായി കോടതി പറഞ്ഞു. ടെൻഡർ വിജ്ഞാപന പ്രകാരം ലഭിച്ച അപേക്ഷയിലെ 3 ഏലക്ക സാംപിളുകൾ തിരുവനന്തപുരത്തെ ലാബിൽ പരിശോധിച്ചപ്പോൾ നിർധിഷ്‌ട മാനദണ്ഡങ്ങൾ പാലിക്കുന്നവയായിരുന്നില്ല. എന്നാൽ ഏലക്കയുടെ നിലവാരം സംബന്ധിച്ച് ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കേണ്ടതായിരുന്നു.
തിരുവനന്തപുരം, പമ്പ ലാബുകളിലെ പരിശോധന റിപ്പോർട്ടുകൾ തമ്മിൽ വലിയ വൈരുദ്ധ്യമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനിടെ ശബരിമലയിലെ കാണിക്ക എണ്ണലിന്‍റെ തൽസ്ഥിതി റിപ്പോർട്ട് സ്പെഷ്യൽ കമ്മിഷണർ തിങ്കളാഴ്‌ച സമർപ്പിക്കും. കാണിക്ക എണ്ണാനായി 479 ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്ന് ദേവസ്വം വിജിലൻസ് അറിയിച്ചു.
ഈ മാസം 25നകം കാണിക്ക എണ്ണിത്തീരുമെന്നും ദേവസ്വം വിജിലൻസ് വ്യക്തമാക്കി. ഇത് സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ദേവസ്വം വിജിലൻസിനോട് നിർദേശിച്ചു.