എറണാകുളം: മലപ്പുറം ജില്ല ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച് സർക്കാർ ഇറക്കിയ ഓർഡിനൻസ് ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. മലപ്പുറം ജില്ല ബാങ്ക് ഭരണസമിതിയാണ് ഹർജി സമർപ്പിച്ചത്. സർക്കാർ തീരുമാനം ശരിവെച്ച കോടതി ലയനവുമായി മുന്നോട്ട് പോകാമെന്നും അറിയിച്ചു. ജില്ല സഹകരണ ബാങ്ക് മാനേജിങ്ങ് കമ്മിറ്റിയും തുവൂർ, പുലാപ്പറ്റ സഹകരണ ബാങ്ക് ജീവനക്കാരുമാണ് ലയനം ചോദ്യം ചെയ്‌ത് കോടതിയെ സമീപിച്ചത്. ഓർഡിനൻസ് ഭരണഘടന വിരുദ്ധമാണന്നാണ് ഹർജിക്കാർ വാദിച്ചത്.
ALSO READ - 2022ൽ ഇന്ത്യയുടെ ജിഡിപിയിൽ 11 ശതമാനം വർധനവുണ്ടാകുമെന്ന് എഡിബി
മലപ്പുറം ഒഴികെ 13 ജില്ല സഹകരണ ബാങ്കുകളും കേരള ബാങ്കിൽ ലയിച്ചിരുന്നു. 2019 ലെ കേരള സഹകരണ നിയമ ഭേദഗതിയിലൂടെയാണ് ജില്ല സഹകരണ ബാങ്ക് എന്ന സംവിധാനം ഒഴിവാക്കി പ്രാഥമിക ബാങ്കും കേരള ബാങ്കുമെന്ന ദ്വിതല സംവിധാനം നിലവിൽ വന്നത്. മലപ്പുറം ജില്ലയിലെ 131 പ്രാഥമിക സംഘങ്ങളിൽ 34 സംഘങ്ങൾ മാത്രമായിരുന്നു ജില്ല ബാങ്ക് ലയനത്തിന് അനുകൂല നിലപാടെടുത്തത്. ഈ സാഹചര്യത്തിൽ ജില്ല ബാങ്കിന് ഒറ്റയ്ക്കുനിൽക്കാനാകാത്ത സ്ഥിതി വന്നിരുന്നു.
ബാങ്കിംഗ് സംവിധാനത്തിന്‍റെ വലിയതോതിലുള്ള മാറ്റം, നിയമങ്ങളുടെ ഭേദഗതികൾ, ആധുനിക ബാങ്കിംഗ് സൗകര്യങ്ങൾ സ്വന്തം നിലയിൽ ഏർപ്പെടുത്താനുള്ള ചെലവ് തുടങ്ങിയവ പരിഗണിച്ച് മലപ്പുറം ജില്ല സഹകരണ ബാങ്കിന്‍റെ നിലനിൽപ്പിന് തന്നെ ഭീഷണിയിലാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.