എറണാകുളം: ഇരട്ട വോട്ട് മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. ഇന്ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ കള്ള വോട്ട് തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി മുഖ്യ തെരെഞ്ഞെടുപ്പ് ഓഫിസർ കോടതിയെ അറിയിച്ചു. 4.34 ലക്ഷം ക്രമരഹിത വോട്ടർമാരുണ്ടെന്ന ചെന്നിത്തലയുടെ വാദം തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. ഇരട്ട വോട്ടർമാർ 40,000ൽ താഴെ മാത്രമാണ് ഉള്ളതെന്നും ഇരട്ട വോട്ടുള്ള 38,586 വോട്ടർമാരെ കണ്ടെത്താനായി ബൂത്ത് ലെവൽ ഓഫിസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കമ്മിഷൻ കോടതിയെ അറിയിച്ചു.
ഒരേ പേരും മേൽവിലാസവുമുള്ളവർ ഇരട്ട വോട്ടർമാരല്ല. ഇവരെ കണ്ടെത്തി പ്രത്യേകം പട്ടിക തയാറാക്കും. വോട്ടർ പട്ടികക്കൊപ്പം ഈ പട്ടികയും പ്രിസൈഡിങ് ഓഫിസർക്ക് കൈമാറുമെന്നും കമ്മിഷൻ അറിയിച്ചു. എന്നാൽ ഇരട്ട വോട്ടുള്ള വോട്ടർ ഒരു വോട്ട് മാത്രമാണ് ചെയ്‌തതെന്ന് സത്യവാങ്മൂലം നൽകണം. കൈ വിരലിലെ മഷി ഉണങ്ങുന്നത് വരെ ഇവർ ബൂത്തിൽ തുടരണം. ഇരട്ട വോട്ട് ചെയ്യാനായി ആരെങ്കിലും ബൂത്തിലെത്തിയാൽ അവർക്കെതിരെ നടപടിയുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചു. ഇരട്ട വോട്ട് തടയാനുള്ള നിർദേശങ്ങൾ ഹർജിക്കാരനായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഹൈക്കോടതിയെ അറിയിച്ചു.