എറണാകുളം : ഓൺലൈൻ ചാനൽ അവതാരകയെ അപമാനിച്ച സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിക്കെതിരെ രജിസ്റ്റര്‍ ചെയ്‌ത കേസ് ഹൈക്കോടതി റദ്ദാക്കി. അവതാരകയുമായി ഒത്തുതീർപ്പില്‍ എത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ റദ്ദാക്കിയത്. ശ്രീനാഥ് ഭാസി നൽകിയ ഹർജിയിലാണ് കോടതി നടപടി.
കേസിൽ പൊതുതാൽപര്യമില്ലെന്നും കേസുമായി മുന്നോട്ടുപോകാനാകില്ലെന്നുമുള്ള പരാതിക്കാരിയുടെ സത്യവാങ്മൂലവും പരിഗണിച്ചാണ് ശ്രീനാഥ് ഭാസിക്ക് എതിരായ കേസ് സിംഗിൾ ബഞ്ച് റദ്ദാക്കിയത്. സെപ്റ്റംബർ 21ന് കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ വച്ച് നടത്തിയ അഭിമുഖത്തിനിടെ പരസ്യമായി അസഭ്യം പറഞ്ഞെന്നായിരുന്നു അവതാരകയുടെ പരാതി.
Also Read: അഭിമുഖത്തിനിടെ അധിക്ഷേപിച്ചു; അവതാരകയുടെ പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസ്
സ്ത്രീത്വത്തെ അപമാനിക്കൽ, പരസ്യമായി അസഭ്യം പറയൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമായിരുന്നു മരട് പൊലീസ് ശ്രീനാഥ് ഭാസിക്കെതിരെ കേസ് എടുത്തത്.