എറണാകുളം : വിവാഹിത, വിവാഹിതനുമായി ലൈംഗിക ബന്ധം പുലർത്തിയതില്‍ ബലാത്സംഗം ആരോപിച്ചുള്ള കേസ് റദ്ദാക്കി ഹൈക്കോടതി. തനിക്കെതിരായ എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കാസർകോട് സ്വദേശി നൽകിയ ഹർജിയിലാണ് കോടതി നടപടി. പ്രതി വിവാഹിതനാണെന്ന കാര്യം കല്യാണം കഴിഞ്ഞ് കുട്ടികളുമുള്ള പരാതിക്കാരിയ്‌ക്കറിയാമായിരുന്നു.
പല സന്ദർഭങ്ങളിലും ഇരുവരും ലൈംഗിക ബന്ധത്തിലേർപ്പെട്ടു. സമ്മതത്തോടെയായിരുന്നില്ല ഈ ബന്ധമെന്ന് പറയാനാകില്ലെന്ന് എഫ് ഐ ആർ റദ്ദാക്കിയ ഉത്തരവിൽ ഹൈക്കോടതി നിരീക്ഷിച്ചു. പരാതിക്കാരിയുമായി അടുപ്പത്തിലായിരുന്നു ഹർജിക്കാരൻ. പിന്നീട് ബന്ധത്തിൽ നിന്ന് പിന്മാറാൻ പരാതിക്കാരി ശ്രമിച്ചു.
'ബന്ധം അവസാനിപ്പിക്കില്ല' : എന്നാൽ ബന്ധം അവസാനിപ്പിച്ചാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് ഹർജിക്കാരൻ ഭീഷണി മുഴക്കി. തുടർന്ന് തന്നെ ബലാത്സംഗം ചെയ്‌തുവെന്നാരോപിച്ച് സ്‌ത്രീ നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു. അതിനിടെ പരാതിയിന്മേൽ തങ്ങൾ ഒത്തുതീർപ്പിലെത്തിയെന്ന് ഹർജിയിന്മേൽ വാദം നടക്കവെ പരാതിക്കാരി ഹൈക്കോടതിയിൽ സത്യവാങ്‌മൂലം നൽകി.
തുടർന്നാണ് പരസ്‌പര സമ്മതത്തോടെയുണ്ടായ ലൈംഗിക ബന്ധത്തിൽ ബലാത്സംഗക്കുറ്റം ആരോപിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി എഫ് ഐ ആർ നടപടികൾ ജസ്റ്റിസ് കെ. ബാബു റദ്ദാക്കിയത്.
also read : 'പരസ്‌പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം കുറ്റകരമല്ല, ലൈംഗികത കുറ്റകരമാക്കാനല്ല പോക്‌സോ': ഡല്‍ഹി ഹൈക്കോടതി
ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാല്‍ പീഡനമാകില്ല : വിവാഹ വാഗ്‌ദാനം നല്‍കി കല്യാണം കഴിഞ്ഞ സ്‌ത്രീയുമായി ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് വാഗ്‌ദാനം പിന്‍വലിക്കുകയും ചെയ്‌താല്‍ അതിനെ പീഡനമായി കണക്കാക്കാന്‍ ആകില്ലെന്ന് ജാർഖണ്ഡ് ഹൈക്കോടതി കഴിഞ്ഞ ഡിസംബറിൽ നിരീക്ഷിച്ചിരുന്നു. വിവാഹ വാഗ്‌ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് അത് വിസമ്മതിക്കുകയും ചെയ്‌തു എന്നാരോപിച്ച് കല്യാണം കഴിഞ്ഞ യുവതി യുവാവിനെതിരെ നൽകിയ പരാതിയിലായിരുന്നു കോടതി നിരീക്ഷണം. ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് സഞ്ജയ് ദ്വിവേദിയാണ് ഇത് പീഡനമായി കാണാനാകില്ലെന്ന് നിരീക്ഷിച്ചത്.
2019 ൽ തുടങ്ങിയ ബന്ധം : ഭര്‍ത്താവുമായി വിവാഹ ബന്ധം വേര്‍പെടുത്താന്‍ ഒരുങ്ങുകയായിരുന്ന യുവതി 2019 ൽ മനീഷ് കുമാർ എന്ന യുവാവുമായി പരിചയപ്പെടുകയായിരുന്നു. ശേഷം മനീഷ് കുമാര്‍ യുവതിക്ക് വിവാഹ വാഗ്‌ദാനവും നല്‍കി. 2019 ൽ ഒരു ക്ഷേത്രത്തില്‍ വച്ച് നെറ്റിയില്‍ സിന്ദൂരം അണിയിക്കുകയും പിന്നീട് ഇരുവരും നിരവധി തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്‌തു.
also read : 'വിവാഹിതയുമായി ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം എങ്ങനെ പീഡനമാകും' ; ചോദ്യവുമായി ജാർഖണ്ഡ് ഹൈക്കോടതി
എന്നാൽ 2021 ൽ യുവാവ് പരാതിക്കാരിയെ വിവാഹം കഴിക്കാൻ സമ്മതമല്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് അയാൾക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തിയത്. തുടർന്ന് കേസ് പരിഗണിക്കവെ, യുവതി സ്വമേധയാ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായതിനാൽ അത് പീഡനമായി പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയായിരുന്നു.