എറണാകുളം : ക്രിമിനൽ കേസിൽ ഒരാൾ പ്രതിയാണെന്ന കാരണത്താൽ അവയവ ദാനത്തിന് അനുമതി നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി. പ്രതിയായ വ്യക്തിയുടെ വൃക്ക ദാനം ചെയ്യുന്നതിന് അനുമതി നിഷേധിച്ച എറണാകുളം ജില്ലാതല അവയവദാന മേൽനോട്ട സമിതിയുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കി.
വൃക്കദാനം ചെയ്യാൻ അനുമതി നിഷേധിച്ചതിനെതിരെ കൊല്ലം നെടുമ്പന സ്വദേശി രാധാകൃഷ്‌ണ പിള്ളയും വൃക്കദാനത്തിന് തയ്യാറായ തിരുവനന്തപുരം മുട്ടത്തറ സ്വദേശി ആർ. സജീവും നൽകിയ ഹർജിയിലാണ് സിംഗിൾ ബഞ്ച് ഉത്തരവ്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് അനുമതി തേടിയുള്ള അപേക്ഷ ഒരാഴ്‌ചയ്‌ക്കകം വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാനും ഇതിന് ചീഫ് സെക്രട്ടറി ഉത്തരവിടാനും കോടതി നിർദേശിച്ചു.
എല്ലാവരുടെയും ശരീരത്തിലേത് മനുഷ്യരക്തം തന്നെ
ക്രിമിനൽ കേസിൽപ്പെട്ടയാളുടേയും അല്ലാത്തവരുടെയും വൃക്ക, കരൾ, ഹൃദയം എന്നിവ തമ്മിൽ വ്യത്യാസമില്ല. മനുഷ്യരക്തമാണ് എല്ലാവരുടയും ശരീരത്തിലൂടെ ഒഴുകുന്നതെന്നും കോടതി പരാമർശിച്ചു. കമ്മിറ്റിയുടെ തീരുമാനം അംഗീകരിച്ചാൽ ക്രിമിനൽ കേസിലുൾപ്പെട്ടവരുടെ അവയവം സ്വീകരിക്കുന്ന വ്യക്തികൾക്ക് ക്രിമിനൽ സ്വഭാവം പകർന്നുകിട്ടുമെന്ന് സമ്മതിക്കേണ്ടി വരും. സാമാന്യ ബുദ്ധിയുള്ളവർ ഇത് അംഗീകരിക്കില്ല.
ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമും ജാതിയും മതവും ക്രിമിനൽ പശ്ചാത്തലവും കണക്കിലെടുക്കാതെ ആവശ്യക്കാർക്ക് അവയവം ദാനം ചെയ്യാൻ തയ്യാറായി മുന്നോട്ടുവരുന്ന ദിനങ്ങളാണ് ഭരണഘടനയുടെ സ്രഷ്‌ടാക്കൾ സ്വപ്‌നം കണ്ടതെന്നും കോടതി പറഞ്ഞു.
സമിതിയുടേത് യുക്തിക്ക് നിരക്കാത്ത തീരുമാനം
അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ മറവിൽ അതിന്‍റെ വിൽപ്പന തടയാനാണ് നിയമവും ചട്ടവുമുള്ളത്. ദാതാവിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന പേരിൽ അപേക്ഷ നിരസിക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ല. അവയവദാനത്തിൽ കച്ചവടമില്ലെന്നുറപ്പാക്കിയാൽ പിന്നെ സാങ്കേതികതയല്ല, പ്രായോഗികതയാണ് നോക്കേണ്ടത്.
ജില്ലാ തല മേൽനോട്ട സമിതികളുടെ തീരുമാനം അവയവ ദാനത്തെ പ്രോത്സാഹിപ്പിക്കുന്നതാകണം. അടിയന്തര സാഹചര്യങ്ങളിൽ ഓതറൈസേഷൻ കമ്മിറ്റി ഉടൻ യോഗം ചേർന്ന് തീരുമാനമെടുക്കണം. തീരുമാനം ഒരാഴ്‌ചയിലേറെ വൈകിയാൽ കാരണം വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചു.
ALSO READ:'പരസ്യപ്രതികരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല'; കാസിം ഇരിക്കൂറിനെതിരെ അബ്‌ദുൾ വഹാബ്
തോറ്റംപാട്ടിലെ ‘എന്‍റെ ശരീരം മുറിഞ്ഞാലും അങ്ങയുടെ ശരീരം മുറിഞ്ഞാലും രക്തമാണ് വരുന്നതെന്നിരിക്കെ ജാതിയുടെ പേരിൽ എന്തിനാണ് വിവേചനം’ എന്ന് അർഥം വരുന്ന വരികൾ വിധിന്യായത്തിൽ ഉൾപ്പെടുത്തി. വൃക്ക മാറ്റിവയ്ക്കാൻ അനുമതി തേടി രാധാകൃഷ്‌ണപിള്ള മാർച്ച് 18ന് സമർപ്പിച്ച അപേക്ഷയിൽ ജില്ല സമിതി തീരുമാനമെടുത്തത് ജൂലൈ എട്ടിനാണ്. രാധാകൃഷ്‌ണപിള്ളയുടെ ഡ്രൈവർ കൂടിയായ ദാതാവ് സജീവ് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് ചൂണ്ടിക്കാട്ടി കമ്മിറ്റി അനുമതി നിഷേധിക്കുകയായിരുന്നു.