എറണാകുളം: കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവർണറുടെ നടപടിയിൽ ഹൈക്കോടതി ഇടപെടൽ. പുറത്താക്കിയവർക്ക് പകരം പുതിയ അംഗങ്ങളെ നാമനിർദേശം ചെയ്യരുതെന്ന് ചാൻസലർ കൂടിയായ ഗവർണർക്ക് കോടതിയുടെ നിർദേശം. അംഗങ്ങളെ പുറത്താക്കുന്നതിന് ആധാരമായ രേഖകൾ ഹാജരാക്കാനും കോടതി നിർദേശിച്ചു.
ഗവർണർ പുറത്താക്കിയ സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹർജിയിലാണ് കോടതി നടപടി. ചാൻസലറെ കൂടാതെ കേരള സർവകലാശാല, സർക്കാർ എന്നീ എതിർകക്ഷികളോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്. രണ്ടംഗ സെർച്ച് കമ്മിറ്റിയെ അംഗീകരിക്കാനായി ചേർന്ന സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്തതിന്‍റെ പേരിലാണ് പുറത്താക്കലെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു.
അംഗത്വം റദ്ദാക്കിയ ഗവർണറുടെ നടപടി നിയമവിരുദ്ധമാണ്. ഗവർണർക്ക് അത്തരം അധികാരം പ്രയോഗിക്കാനാകില്ല. കൂടാതെ ഗവർണർ രണ്ടംഗ സമിതിയെ നിശ്ചയിച്ചത് നിയമപരമല്ലായെന്നും ഹർജിക്കാർ വാദമുയർത്തി.
യു.ജിസി, സെനറ്റ്, ചാൻസലർ എന്നിവരുള്‍പ്പെട്ട മൂന്നംഗ സെർച്ച് കമ്മിറ്റിയാണ് നിയപ്രകാരം ഉണ്ടാകേണ്ടത്. ഇതിനു വിരുദ്ധമായാണ് ഗവർണർ രണ്ടംഗ സമിതിയെ തെരഞ്ഞെടുത്തതെന്നും ഹർജിക്കാർ വ്യക്തമാക്കിയിരുന്നു. ഹർജി ഹൈക്കോടതി 31ന് വീണ്ടും പരിഗണിക്കും.