എറണാകുളം: സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് ഏകീകരിച്ച് മൂന്ന് ദിവസത്തിനകം ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ഹൈക്കോടതിയോട് സംസ്ഥാന സർക്കാർ. പി.പി.ഇ കിറ്റിനും മറ്റും സ്വകാര്യ ആശുപത്രികൾ അമിത തുക ഈടാക്കുന്നുവെന്ന ചില ബില്ലുകൾ കോടതി ഉയർത്തിക്കാട്ടിയ പശ്ചാത്തലത്തിലാണ് സർക്കാർ നടപടി. സർക്കാർ നിശ്ചയിക്കുന്ന തുകയിൽ നിന്നും ഒരു രൂപ പോലും കൂടുതലായി സ്വകാര്യ ആശുപത്രികൾ ഈടാക്കരുത്. സ്വകാര്യ ആശുപത്രികൾ സർക്കാരിനോട് സഹകരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
സ്വകാര്യ ആശുപത്രികളുമായി സമവായത്തിന് ശ്രമിക്കുകയാണെന്നും സമവായം ഉണ്ടായില്ലെങ്കിൽ കർശന ഉത്തരവ് പുറപ്പെടുവിക്കേണ്ടിവരുമെന്നും സർക്കാർ അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ആശുപത്രികളിലെയും 50 ശതമാനം കിടക്കകൾ ഏറ്റെടുക്കുന്ന കാര്യം സർക്കാർ പരിഗണിക്കണം. കൂടാതെ അടച്ചിട്ടിരിക്കുന്ന ആശുപത്രികൾ ഏറ്റെടുക്കുന്ന കാര്യവും സർക്കാർ പരിഗണയിലെടുക്കണമെന്ന് കോടതി നിർദേശിച്ചു.
കൂടുതൽ വായനയ്‌ക്ക്: കൊവിഡ് ചികിത്സയ്ക്ക് തോന്നിയ നിരക്ക് ഈടാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി
സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് കുറയ്ക്കണമെന്ന ഹർജി പ്രത്യേക സിറ്റിങ് നടത്തിയാണ് ഹൈക്കോടതി പരിഗണിച്ചത്. കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന സ്വകാര്യ ലാബുകളുടെ ആവശ്യം കോടതി തള്ളി. അതേസമയം ലാബ് പരിശോധനകൾക്കും മരുന്നുകൾക്കും നിരക്ക് നിശ്ചയിക്കുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്നും ഹൈക്കോടതി അറിയിച്ചു. സ്വകാര്യ ആശുപത്രികളിലെ നിലവിൽ സർക്കാർ ഏറ്റെടുത്ത കിടക്കകളിൽ സൗജന്യ ചികിത്സ നൽകുമെന്ന സർക്കാർ നിലപാട് മാതൃകാപരമാണ്. ചികിത്സാ ഇനത്തിൽ കുടിശിക ലഭിക്കാനുണ്ടെന്ന സ്വകാര്യ ആശുപത്രികളുടെ വിശദീകരണവും കോടതി തള്ളി. ഇക്കാര്യം ഉന്നയിക്കേണ്ട സമയം ഇതല്ലെന്നായിരുന്നു കോടതിയുടെ അഭിപ്രായം. വിഷയവുമായി ബന്ധപ്പെട്ട് തിങ്കളാഴ്‌ച വീണ്ടും ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തിയേക്കും.
കൂടുതൽ വായനയ്‌ക്ക്: കൊവിഡ് പരിശോധനാനിരക്ക് തീരുമാനിക്കാൻ സർക്കാരിന് അധികാരമുണ്ടോയെന്ന് ഹൈക്കോടതി