എറണാകുളം: കാർഷിക ആവശ്യത്തിനുള്ള പട്ടയഭൂമിയിൽ മറ്റ് നിർമാണം പാടില്ലെന്ന് ഹൈക്കോടതി. ക്വാറി ഉടമകളും സർക്കാരുമടക്കം നൽകിയ അപ്പീലുകൾ പരിഗണിച്ചാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റെ ഉത്തരവ്. 1964ലെ കേരള ഭൂമി പതിച്ചു നൽകൽ നിയമപ്രകാരം പ്രകാരം പതിച്ചു നൽകിയ പട്ടയ ഭൂമി മറ്റ് ഇതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നാണ് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
കാര്‍ഷിക ഭൂമിയിലെ മറ്റ് നിര്‍മാണം തടഞ്ഞ് റവന്യൂ ഉത്തരവ് നിലവിലുണ്ട്. ഈ ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു. ഭൂമി തരം മാറ്റുന്ന കാര്യത്തില്‍ അപേക്ഷ കിട്ടുന്ന മുറയ്ക്ക് സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. കൂടാതെ പട്ടയഭൂമിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്വാറികളെല്ലാം നിർത്തി വയ്ക്കാനായി റവന്യൂ വകുപ്പ് അധികാരികൾക്ക് നടപടി എടുക്കാമെന്നും കോടതി പറഞ്ഞു.
പട്ടയ ഭൂമിയിൽ ഉള്ള റിസോർട്ട്, പെട്രോൾ പമ്പ് എന്നിവയ്ക്കും ഈ വിധി ബാധകമാണ്. ഇത്തരം ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടി സർക്കാരിന് സ്വീകരിക്കാമെന്നും ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.