എറണാകുളം: ഇടപ്പളളി- മണ്ണുത്തി ദേശിയപാതയിലെ അറ്റകുറ്റപ്പണികൾ തൃശൂർ- എറണാകുളം ജില്ല കലക്‌ടമാർ അടിയന്തരമായി പരിശോധിക്കണമെന്ന് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ അമിക്കസ് ക്യൂറി മുഖേന നിർദേശിച്ചു. സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി ഒരാഴ്‌ചയ്ക്കുള്ളിൽ പൂർത്തിയാക്കാൻ ഹൈക്കോടതി ഇന്നലെ ഇടക്കാല ഉത്തരവിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കുഴികളടയ്ക്കൽ നടപടികൾ ശരിയായ വിധത്തിലാണോയെന്ന് കലക്‌ടർ മാർ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന ഹൈക്കോടതിയുടെ പുതിയ നിർദേശം.
മോശം റോഡുകൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ അതാത് ജില്ല കലക്‌ടമാർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ ചുമതല വഹിക്കുന്ന കലക്‌ടമാർ കാണികളെപ്പോലെ പെരുമാറരുതെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു. നെടുമ്പാശേരിയിൽ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
ALSO READ: റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവം; കുഴികൾ അടയ്‌ക്കാൻ ഹൈക്കോടതി നിർദേശം
യാത്ര തിരിക്കുന്നയാൾ തിരിച്ചെത്തുമോയെന്ന് പറയാൻ കഴിയാത്ത തരത്തിലുള്ള റോഡുകളാണ് ഇവിടെയുള്ളത്. ഇന്ത്യയിൽ മറ്റൊരിടത്തും ഇത്രയും മോശം റോഡുകൾ കാണാനാകില്ല. സംസ്ഥാനത്ത് നല്ല റോഡുകളിലൂടെ യാത്ര ചെയ്യാൻ എത്ര കാലം കാത്തിരിക്കേണ്ടി വരുമെന്നും കോടതി നേരത്തെ വിമർശന സ്വരത്തിൽ പറഞ്ഞിരുന്നു.