എറണാകുളം: സർക്കാർ സംവിധാനങ്ങളെ ബന്ധനസ്ഥമാക്കി വിലപേശാൻ കഴിയില്ലെന്ന് വിഴിഞ്ഞം സമരക്കാരോട് ഹൈക്കോടതി. രാഷ്ട്രീയം കളിയ്ക്കാൻ ആരെയും അനുവദിക്കില്ലെന്നും കോടതി ഓർമിപ്പിച്ചു. കോടതി ഉത്തരവുകൾ നടപ്പിലാക്കിയോ എന്നത് മാത്രമല്ല പരിഗണനാവിഷയം, പൊതുവഴികൾ തടസപ്പെടുത്തി എന്നുള്ളതും പ്രധാനമാണെന്ന് കോടതി പറഞ്ഞു.
മാർഗ തടസങ്ങൾ അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം രണ്ടര മാസമായിട്ടും ഇടക്കാല ഉത്തരവ് നടപ്പാക്കിയില്ലെന്ന് അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു. എത്ര ആളുകൾ പദ്ധതി പ്രദേശത്ത് ഉണ്ടെന്നത് പ്രസക്തമല്ല, മറിച്ച് ഉത്തരവുകൾ നടപ്പിലാക്കിയോ എന്നതാണ് കോടതിയ്ക്ക് അറിയേണ്ടതെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
സമരപ്പന്തൽ പൊളിച്ചിട്ടില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. പന്തൽ പൊളിച്ചു നീക്കി ഇടക്കാല ഉത്തരവ് നടപ്പിലാക്കിയത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി സർക്കാരിനോട് നിർദേശിച്ചു. വിഴിഞ്ഞം തുറമുഖ നിർമാണ പ്രദേശത്ത് പൊലീസ് സുരക്ഷ ഒരുക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെതിരെ അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ കോടതിയലക്ഷ്യ ഹർജികൾ ഹൈക്കോടതി അടുത്ത ചൊവ്വാഴ്‌ചത്തേയ്‌ക്ക് മാറ്റി.
Also read: വിഴിഞ്ഞം തുറമുഖ സമരം: ഒത്തുതീർപ്പിനൊരുങ്ങി അദാനി ഗ്രൂപ്പ്, പുനരധിവാസത്തിന് സിഎസ്ആർ ഫണ്ട് ഉപയോഗിക്കാം