എറണാകുളം: ശബരിമല കാണിക്ക എണ്ണലിൽ ഇടപെട്ട് ഹൈക്കോടതി. കാണിക്ക എണ്ണലിന്‍റെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സ്പെഷ്യൽ കമ്മിഷണർക്ക് കോടതി നിർദേശം നൽകി. മുൻപില്ലാത്ത വിധം നോട്ടും നാണയങ്ങളും ഇത്തവണ എത്തിയെന്ന് കമ്മിഷണർ കോടതിയെ അറിയിച്ചു.
അന്നദാന മണ്ഡപത്തിലും പണം കൂനയായി കൂട്ടിയിട്ടിരിക്കുകയാണ്. കാണിക്ക എപ്പോൾ എണ്ണിത്തീരുമെന്ന് പറയാൻ കഴിയില്ലെന്നും ശബരിമല സ്‌പെഷ്യൽ കമ്മിഷണർ കോടതിയിൽ വ്യക്തമാക്കി. കാണിക്ക എണ്ണുന്നതിൽ അപാകതയുണ്ടോ എന്നറിയിക്കാൻ ദേവസ്വം വിജിലൻസിനും കോടതി നിർദേശം നൽകിയിട്ടുണ്ട്.
വിഷയം ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ വരുമാനമാണ് ശബരിമലയിൽ ഇത്തവണത്തെ സീസണിൽ ലഭിച്ചത്. കാണിക്കകളും നോട്ടുകളും എണ്ണാനായി 60 ജീവനക്കാരെ അധികമായി നിയോഗിക്കുകയും ചെയ്‌തിട്ടുണ്ട്.