എറണാകുളം: ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. നിയുക്ത മേൽശാന്തിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യത്തിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് കോടതി വ്യക്തമാക്കി. നറുക്കെടുപ്പിൽ പേപ്പറുകൾ മടക്കിയിട്ടത് യാദൃശ്ചികമെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടടക്കം പരിഗണിച്ചാണ് ഹർജി കോടതി തള്ളിയത്.
ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി മധുസൂദനൻ നമ്പൂതിരി നൽകിയ ഹർജിയാണ് ഹൈക്കോടതി ദേവസ്വം ബഞ്ച് തള്ളിയത്. നിയുക്ത മേൽശാന്തിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യത്തിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. നറുക്കെടുപ്പിൽ ചില പേപ്പറുകൾ മടക്കിയിട്ടത് യാദൃശ്ചികമെന്ന് അമിക്കസ് ക്യൂറിയും കോടതി നിയോഗിച്ച നിരീക്ഷകനും നൽകിയ റിപ്പോർട്ടുകളടക്കം പരിഗണിച്ചാണ് ഹർജി തള്ളിയത്.
ക്രമക്കേടില്ലെന്ന് ദേവസ്വവും സര്‍ക്കാരും: നറുക്കെടുപ്പ് സമയത്ത് ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം സോപാനത്തിൽ ഉണ്ടായിരുന്നുവെന്ന് കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ ഹൈക്കോടതി വാക്കാൽ പരാമർശം നടത്തിയിരുന്നു. എന്നാൽ നിരീക്ഷകന്റെ സാന്നിധ്യത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്നും തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്നുമാണ് ദേവസ്വം ബോർഡ് കോടതിയെ നേരത്തെ അറിയിച്ചത്. ദേവസ്വം നിലപാടിനെ സർക്കാറും പിന്തുണച്ചിരുന്നു. നറുക്കെടുപ്പിന് തയ്യാറാക്കിയ പേപ്പറുകളിൽ രണ്ടെണ്ണം മടക്കിയും മറ്റുള്ളവ ചുരുട്ടിയുമാണിട്ടതെന്നായിരുന്നു പ്രധാന ആരോപണം.
നറുക്കെടുപ്പിൽ രണ്ട് പേപ്പറുകൾ മാത്രം ചുരുട്ടിയിടാതെ മടക്കിയിട്ടത് മനപ്പൂർവ്വമായിരിക്കില്ല എങ്കിലും അക്കാര്യം വസ്തുതയാണെന്നും നേരത്തെ ഹൈക്കോടതി വാക്കാൽ പരാമർശം നടത്തിയിരുന്നു. നറുക്കെടുപ്പിന്റെ സി.സിടിവി ദൃശ്യങ്ങളും ചാനൽ ദൃശ്യങ്ങളും കോടതി പരിശോധിച്ചിരുന്നു.