എറണാകുളം: അഴിമതിയും സ്വജനപക്ഷപാതവും നടത്താൻ ദുരന്തങ്ങൾ മറയാക്കരുതെന്ന് ഹൈക്കോടതി. കൊവിഡ് കാലത്ത് പിപിഇ കിറ്റുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയതിലെ അഴിമതിക്കേസിൽ ലോകായുക്ത നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികൾ പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
ദുരന്തകാലത്ത് ആർക്കും എന്തും ചെയ്യാമെന്ന് കരുതരുതെന്നും കോടതി വിമർശന സ്വരത്തിൽ പറഞ്ഞു. കൂടാതെ അഴിമതിയും ക്രമക്കേടുകൾ സംബന്ധിച്ച പരാതികളും പരിഗണിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്ന് വിലയിരുത്തിയ കോടതി അന്വേഷണത്തെ എന്തിന് ഭയപ്പെടുന്നുവെന്നും ഹർജിക്കാരോട് ചോദിച്ചു.
പിപിഇ കിറ്റുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയതിൽ അഴിമതി നടന്നിട്ടുണ്ടെന്ന പരാതിയിൽ നേരത്തെ മുൻ മന്ത്രി കെ കെ ശൈലജ, മുൻ ആരോഗ്യ വകുപ്പ് മുൻ സെക്രട്ടറി രാജൻ ഖോബ്രഗഡെ എന്നിവരടക്കം 12 പേർക്ക് ലോകായുക്ത നോട്ടീസ് അയച്ചിരുന്നു. ഈ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാജൻ ഖോബ്രഗഡെയുൾപ്പെടെയുള്ളവരാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
കേരള മെഡിക്കൽ സർവിസസ് കോർപ്പറേഷൻ പിപിഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേട് ആരോപിച്ച് വീണ എസ് നായരാണ് പരാതി ഫയൽ ചെയ്‌തത്. നിലവിലുള്ളതിനേക്കാള്‍ മൂന്നിരട്ടി വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നായിരുന്നു പരാതി. കുറഞ്ഞ തുക കരാർ നൽകിയ കമ്പനിയെ ഒഴിവാക്കിയാണ് കൂടുതല്‍ തുകയ്ക്ക് ഉപകരണങ്ങൾ വാങ്ങിയതെന്നും പരാതിയിൽ ഉന്നയിച്ചിരുന്നു.