എറണാകുളം : നവകേരള സദസിൽ സ്‌കൂൾ വിദ്യാർഥികളെ പങ്കെടുപ്പിക്കണമെന്ന മലപ്പുറം ഡിഡിഇയുടെ വിവാദ ഉത്തരവിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി (High court on Malappuram DDE order of participating school kids in Navakerala sadas). കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള നടപടികൾ അംഗീകരിക്കാൻ കഴിയില്ല. ഇത്തരത്തിൽ ഉത്തരവിറക്കി ഉദ്യോഗസ്ഥർ ആരെയാണ് സന്തോഷിപ്പിക്കുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശന സ്വരത്തിൽ കുറ്റപ്പെടുത്തി.
ഉദ്യോഗസ്ഥന്‍റെ നടപടി കുട്ടികളുടെ അന്തസിനെ താഴ്ത്തിക്കെട്ടുന്നതാണെന്നും കോടതി വിമർശിച്ചു. മലപ്പുറം ഡിഡിഇയുടെ വിവാദ ഉത്തരവ് ആശ്ചര്യകരമാണ്. എന്നാൽ, വിവാദ ഉത്തരവ് പിൻവലിച്ചതായി സർക്കാർ അറിയിച്ചത് ഹൈക്കോടതി രേഖപ്പെടുത്തിയെങ്കിലും ഉദ്യോഗസ്ഥൻ ഇത്തരമൊരു ഉത്തരവിറക്കിയതിന്‍റെ സാഹചര്യം പരിശോധിക്കണമെന്നുകൂടി നിലപാടെടുത്തു.
ഇക്കാര്യം പരിശോധിക്കുമെന്ന് സർക്കാരും കോടതിയെ അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട ഹർജിയിലെ നടപടികൾ കോടതി അവസാനിപ്പിച്ചു. നവകേരള സദസിനായി സ്‌കൂൾ ബസുകൾ വിട്ടുനൽകണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ ഉത്തരവിനെതിരായ ഹർജിയിലെ നടപടികളും കോടതി അവസാനിപ്പിച്ചു. ഉത്തരവ് പിൻവലിച്ചതായി സർക്കാർ അറിയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി നടപടി.
Also read: നവകേരള സദസ് മലപ്പുറം ജില്ലയിൽ, പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകൻ പരിപാടയില്‍
നവകേരള സദസ് മലപ്പുറത്ത് : മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് ഇന്ന് മലപ്പുറം ജില്ലയിലെത്തി (Nava Kerala Sadas at Malappuram). രാവിലെ തിരൂര്‍ ബിയാന്‍കോ കാസിലില്‍ നടന്ന പ്രഭാത സദസോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും പ്രതിഷേധങ്ങള്‍ നടത്തിയേക്കാം എന്നത് കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്.
മൂന്ന് പ്രഭാത സദസുകൾ ഉൾപ്പടെ ആകെ 19 പരിപാടികളാണ് മലപ്പുറം ജില്ലയിൽ ആസൂത്രണം ചെയ്‌തിട്ടുള്ളത്. തിരൂർ, പൊന്നാനി, തവനൂർ, താനൂർ, തിരൂരങ്ങാടി മണ്ഡലങ്ങളിൽ നിന്നും ക്ഷണിക്കപ്പെട്ട ഇരുന്നൂറോളം അതിഥികളും പ്രഭാത സദസിൽ പങ്കെടുത്തു. ജില്ലയുടെ സമഗ്രമായ വിഷയങ്ങൾ ചർച്ചയാകും.
അതേസമയം, പ്രഭാത സദസിൽ പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകൻ ഹസീബ് സഖാഫ് തങ്ങൾ പങ്കെടുത്തു. കക്ഷി രാഷ്ട്രീയം യോഗത്തിൽ പ്രസക്തമല്ലെന്നും വികസനമാണ് പ്രധാനമെന്നും ഹസീബ് സഖാഫ് തങ്ങൾ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞ അതിവേഗ പാത യാഥാർഥ്യമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്‌ലിം ലീഗ് നേതാവ് പി പി ഇബ്രാഹിമും കോൺഗ്രസ് നേതാവ് സി മൊയ്‌തീനും നവകേരള സദസിൽ പങ്കെടുക്കാനെത്തി.