കൊച്ചി : നിയമപരമല്ലാത്ത വിവാഹ ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ഒരുമിച്ച് താമസിക്കുന്നവരെ ഭാര്യാഭർത്താക്കന്മാരായി കാണാനാകില്ലെന്ന് ഹൈക്കോടതി. ഒരുമിച്ച് താമസിച്ചിരുന്ന യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഒപ്പം താമസിച്ചിരുന്ന യുവാവിനെയും ബന്ധുക്കളെയും തടവിന് ശിക്ഷിച്ച കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ നിരീക്ഷണം.
പാലക്കാട് സ്വദേശി നാരായണന്‍റെയും സഹോദരന്‍ രാധാകൃഷ്‌ണന്‍റെയും തടവുശിക്ഷയാണ് കോടതി റദ്ദാക്കിയത്. ഇവരുടെ മാതാപിതാക്കളെയും കേസില്‍ ശിക്ഷിച്ചിരുന്നെങ്കിലും ഹർജി നിലനിൽക്കെ ഇരുവരും മരിച്ചു. ഭാര്യയോടുള്ള ക്രൂരത,ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു പ്രതികളെ പാലക്കാട് അസിസ്റ്റന്‍റ് സെഷൻസ് കോടതി ശിക്ഷിച്ചത്.
'ലിവിങ് ടുഗദർ നിയമപരമല്ല'; പങ്കാളികൾക്ക് നിയമപരമായ വിവാഹ മോചനം ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി
ഇതിനെതിരെ നൽകിയ അപ്പീൽ അഡീഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. 1997 സെപ്റ്റംബര്‍ ഒന്നുമുതല്‍ വിവാഹ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ ഒന്നിച്ച് താമസിക്കുകയായിരുന്നു യുവതിയും യുവാവും. മൂന്നുമാസത്തിന് ശേഷം ഡിസംബർ 24 ന് യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഡിസംബർ 29 ന് മരിച്ചു.
ചടങ്ങുപ്രകാരം വിവാഹം നടന്നിട്ടില്ലാത്തതിനാല്‍ ഇരുവരേയും ഭാര്യാഭർത്താക്കന്മാരായി കാണാനാകില്ലെന്നാണ് ഹൈക്കോടതി വിലയിരുത്തിയത്. വിവാഹ ഉടമ്പടി രജിസ്റ്റർ ചെയ്തിരുന്നാല്‍ പോലും അതിനെ നിയമപരമായ വിവാഹമായി കണാനാകില്ല. ലിവിങ് ടുഗദര്‍ ആയേ കാണാനാകൂ. അതിനാല്‍ ഭാര്യയ്ക്ക് എതിരായ ക്രൂരത എന്ന വകുപ്പ് നിലനില്‍ക്കില്ലെന്നാണ് കോടതി നിരീക്ഷണം.
നാലുമാസത്തോളം മാത്രമാണ് ഇരുവരും ഒരുമിച്ച് താമസിച്ചത് എന്നതും കോടതി കണക്കിലെടുത്തു.യുവതിയുടെ മരണമൊഴിയില്‍ യുവാവിനെതിരെ പരാമര്‍ശങ്ങളില്ലാത്തതിനാല്‍ ആത്മഹത്യാപ്രേരണാക്കുറ്റവും നിലനില്‍ക്കില്ല. യുവതി പ്രധാനമായും ആരോപണം ഉന്നയിച്ചിരിക്കുന്നത് യുവാവിന്‍റെ മാതാപിതാക്കള്‍ക്കെതിരെയാണ്.
പക്ഷേ അവര്‍ ജീവിച്ചിരിക്കുന്നില്ല. യുവാവിനും സഹോദരനുമെതിരെയുള്ള കുറ്റം സംശായാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷനായിട്ടില്ലെന്നും വിലയിരുത്തിയ കോടതി ഇവരുടെ ശിക്ഷ റദ്ദാക്കുകയായിരുന്നു.