എറണാകുളം : കെ.ബാബു എം.എൽ.എയ്ക്ക് ഹൈക്കോടതിയുടെ നോട്ടിസ്. തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന എം.സ്വരാജ് സമർപ്പിച്ച തെരഞ്ഞെടുപ്പ് ഹർജിയിലാണ് നടപടി. കേസ് ഒക്ടോബർ നാലിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ശബരിമല അയ്യപ്പന്‍റെ പേരിൽ വോട്ടുപിടിച്ചത് ജനപ്രാതിനിധ്യ നിയമ പ്രകാരം തെരഞ്ഞെടുപ്പ് അഴിമതിയാണന്നാണ് ഹർജിയിലെ ആരോപണം.
അയ്യപ്പന് ഒരു വോട്ട് എന്ന് പ്രിന്‍റ് ചെയ്തായിരുന്നു കെ ബാബുവിന്‍റെ സ്ലിപ്പെന്ന് സ്വരാജ് ചൂണ്ടിക്കാട്ടുന്നു. കൂടാതെ അയ്യപ്പന്‍റെ ചിത്രവും ബാബുവിന്‍റെ ചിത്രവും ചിഹ്നവും വച്ച് മണ്ഡലത്തിലാകെ വിതരണം ചെയ്‌തു, അയ്യപ്പനും സ്വരാജും തമ്മിലാണ് തെരഞ്ഞെടുപ്പെന്നും ഇടതുമുന്നണി സ്ഥാനാര്‍ഥി ജയിച്ചാൽ അയ്യപ്പന്‍റെ പരാജയമാകുമതെന്നും ബാബു മണ്ഡലത്തിലാകെ പ്രചരിപ്പിച്ചു തുടങ്ങിയവയാണ് ഹർജിക്കാരന്റെ വാദം.
Also read: കെ ബാബുവിനെതിരായ എം സ്വരാജിന്‍റെ തെരഞ്ഞെടുപ്പ് ഹർജി കോടതി ഫയലില്‍ സ്വീകരിച്ചു
അയ്യനെ കെട്ടിക്കുവാൻ വന്നവനെ അയ്യന്‍റെ നാട്ടിൽ നിന്നും കെട്ടുകെട്ടിക്കണമെന്ന് ബാബു ചുവരെഴുത്ത് നടത്തി വോട്ട് പിടിച്ചെന്നും ആരോപിക്കുന്നുണ്ട്. 992 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിൽ വിജയിച്ചത് തെരഞ്ഞെടുപ്പ് അഴിമതി നടത്തിയാണെന്നും ഫലം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് സ്വരാജിന്‍റെ ആവശ്യം. അഭിഭാഷകരായ പി.കെ.വർഗീസ്, കെ.എസ്.അരുൺകുമാർ എന്നിവർ മുഖേനയാണ് തെരഞ്ഞെടുപ്പ് ഹർജി സമർപ്പിച്ചത്.