എറണാകുളം: സ്വകാര്യ ആശുപത്രികൾ കൊവിഡ് ചികിത്സയ്ക്ക് അമിത പണം ഈടാക്കുന്നതിന് തടയിട്ട് ഹൈക്കോടതി. അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ ആശുപത്രികളെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ചില ആശുപത്രികൾ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അസാധാരണ സാഹചര്യമാണ് നേരിടുന്നതെന്നത് പരിഗണിക്കണമെന്നും കോടതി പറഞ്ഞു. ആശുപത്രികളിൽ ചികിത്സ നിരക്ക് രോഗികൾക്ക് കാണുന്ന വിധം പ്രദർശിപ്പിക്കണമെന്നും നിരക്ക് ആശുപത്രി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. സെക്‌ടറൽ മജിസ്ട്രേറ്റുമാർ ആശുപത്രികളെ നിരീക്ഷിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു. കൊവിഡ് രോഗം ആർക്കെങ്കിലും പണം ഉണ്ടാക്കാനുള്ള മാർഗമാകരുതെന്നും ജീവിക്കാനള്ള അവകാശത്തിൻ്റെ ഭാഗമാണ് ചികിത്സ ലഭിക്കാനുള്ള അവകാശമെന്നും ഇത് അന്താരാഷ്ട്ര തലത്തിൽ പോലും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണെന്നും കോടതി പറഞ്ഞു. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ് നിയമം നടപ്പാക്കാൻ തീരുമാനിച്ച സർക്കാർ നടപടി അഭിനന്ദനാർഹമാണന്നും കോടതി പറഞ്ഞു.
അതേസമയം, സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സ നിരക്ക് നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പരാതികൾ നൽകാനുള്ള സമിതിയെയും നിയമിച്ചിട്ടുണ്ട്. ജനറൽ വാർഡിലെ ചികിത്സയ്ക്ക് ഇനി സ്വകാര്യ ആശുപത്രികൾക്ക് ഈടാക്കാനാവുക 2645 രൂപയെന്നാണ് സർക്കാർ വിജ്ഞാപനത്തിലുള്ളത്. നഴ്‌സിംഗ് ചാർജ്, മരുന്ന്, പരിശോധന ഉൾപ്പെടെയാണ് ഈ നിരക്കെന്നും സർക്കാർ കോടതിയെ അറിയിച്ചു. സ്‌കാനിംഗിന് വേണ്ടി അധികം ചാർജ് ഈടാക്കാൻ ആശുപത്രികൾക്ക് കഴിയും. പിപിഇ കിറ്റിന് വിപണി വിലയിൽ കൂടുതൽ ഈടാക്കരുതെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഉയർന്ന നിരക്ക് ഈടാക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇത്തരത്തിലുള്ള പരാതികൾ ഡിഎംഓമാർ സ്വീകരിക്കുമെന്നും ഡോക്‌ടർമാർ ഉൾപ്പെടുന്ന സമിതി അപ്പീലുകൾ പരിശോധിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ഓക്‌സീമീറ്ററിന് ഉയർന്ന വില വാങ്ങുന്നവർക്കെതിരെ ജില്ല കലക്‌ടർമാർക്ക് നടപടി സ്വീകരിക്കാം. ആശുപത്രികൾക്ക് അഡ്വാൻസ് വാങ്ങാൻ അനുവാദമില്ലെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.
കൂടുതൽ വായനയ്ക്ക്: സ്വകാര്യ മേഖലയിലെ കൊവിഡ് ചികിത്സയ്ക്ക് നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍
എന്നാൽ, ഇത്തരത്തിൽ പ്രവർത്തിക്കാനാകില്ലെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകൾ കോടതിയിൽ പറഞ്ഞു. ഒരു രോഗിയെ പ്രവേശിപ്പിക്കുമ്പോൾ തന്നെ 3,500 രൂപ ചെലവ് വരുമെന്നും ഡോക്‌ടർമാർ ഉൾപ്പെടെ പതിനൊന്ന് പിപിഇ കിറ്റുകൾ വേണമെന്നും സ്വകാര്യ ആശുപത്രികൾ പറഞ്ഞു. ഒരു ടീം ഒരു രോഗിയെ മാത്രമാണോ ചികിത്സിക്കുന്നതെന്ന് കോടതി ചോദിച്ചു. ആയിരം രൂപ മാത്രം ദിവസ വരുമാനമുള്ളയാൾക്ക് എങ്ങനെ രണ്ട് മുതൽ മൂന്ന് ലക്ഷം രൂപ വരെ ആശുപത്രി ബില്ലായി കൊടുക്കാൻ കഴിയുമെന്നും കോടതി ആശുപത്രി മാനേജ്മെന്‍റുകളോട് ചോദിച്ചു. അശുപത്രികൾ അടച്ച് പൂട്ടേണ്ടി വരുമെന്ന ഐഎംഎയുടെ വാദം അംഗീകരിക്കാനാവില്ലന്നും സർക്കാർ ഉത്തരവ് നിലവിൽ വന്നെന്നും കോടതി അറിയിച്ചു.
അതേസമയം, സർക്കാർ ഉത്തരവ് അംഗീകരിക്കുന്നുവെന്ന് എംഇഎസും കാത്തലിക് ഹോസ്‌പിറ്റൽ അസോസിയേഷനും അറിയിച്ചിട്ടുണ്ട്. സ്വകാര്യ എഫ്എൽടിസികളുടെ നിരക്ക് കൂടി സർക്കാർ നിശ്ചയിക്കണമെന്ന് കോടതി നിർദേശിച്ചു. ഹോമിയോ, ആയുർവേദ ആശുപത്രികൾക്കും സർക്കാർ ഉത്തരവ് ബാധകമാണെന്നും ഉത്തരവ് നടപ്പാവുന്നുണ്ടോ എന്ന് പരിശോധിച്ചതിന് ശേഷം വീണ്ടും കേസ് പരിഗണിക്കുമെന്നും ഹൈകോടതി കൂട്ടിച്ചേർത്തു.