എറണാകുളം: തിരുവനന്തപുരം മതവിദ്വേഷ പ്രസംഗക്കേസിൽ പി.സി ജോർജ് നൽകിയ രണ്ട് ഹർജികളും ഹൈക്കോടതി ഇന്ന്(മെയ് 27) പരിഗണിക്കും. ജാമ്യം റദ്ദാക്കിയതിനെതിരായ ഹർജി വൈകിട്ട് മൂന്ന് മണിക്ക് പരിഗണിക്കാനായി മാറ്റി. പി.സി ജോർജിന്‍റെ ജാമ്യാപേക്ഷ ഉച്ചതിരിഞ്ഞ് ഒന്നേമുക്കാലിന് പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്.
ജാമ്യാപേക്ഷ പരിഗണിച്ച ശേഷം ഹർജി പരിഗണിക്കണമെന്ന് പിസി ജോർജിന്‍റെ അഭിഭാഷകൻ കോടതിയോട് അഭ്യർഥിച്ചിരുന്നു. ജാമ്യം റദ്ദാക്കിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്‌തുള്ള ഹർജി ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ ബഞ്ചും, ജാമ്യഹർജി ജസ്റ്റിസ് പി.ഗോപിനാഥുമാണ് പരിഗണിക്കുന്നത്. പി.സിയെ കസ്റ്റഡിയിൽ വയ്‌ക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി വിശദീകരണം നൽകണമെന്ന് വ്യാഴാഴ്‌ച ജാമ്യഹർജി പരിഗണിച്ച വേളയിൽ ജസ്റ്റിസ് പി.ഗോപിനാഥ് സർക്കാരിനോട് നിർദേശിച്ചിരുന്നു.
ഇതുപ്രകാരം പ്രോസിക്യൂഷൻ ഡയറക്‌ടർ ജനറൽ ഇന്ന് വിശദീകരണ പത്രിക സമർപ്പിച്ചേക്കും. ജാമ്യം റദ്ദാക്കിയ നടപടി തെറ്റാണെന്നാണ് പി.സി ജോർജിന്‍റെ വാദം. ജാമ്യവ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍റെ തെറ്റായ വാദങ്ങൾ അംഗീകരിച്ചാണ് കീഴ്‌ക്കോടതി ഉത്തരവിറക്കിയതെന്നും ജാമ്യ ഹർജിയിൽ പി.സി പറയുന്നു. അതേസമയം വെണ്ണലക്കേസിൽ പി.സി ജോർജിന്‍റെ ഇടക്കാല ജാമ്യം ഇന്ന് വരെ ഹൈക്കോടതി നീട്ടിയിരുന്നു.