എറണാകുളം : കേരള ട്രാൻസ്‌പോർട്ട് ഡെവലപ്മെന്‍റ് ഫിനാൻസ് കോർപറേഷൻ ലിമിറ്റഡിനുനേരെ വീണ്ടും വിമർശനവുമായി ഹൈക്കോടതി(High Court Criticize KTDFC). പണം നിക്ഷേപിച്ചവർ വന്ന് കാലുപിടിക്കട്ടെ, സൗകര്യമുള്ളപ്പോൾ തിരികെ നൽകാം എന്നാണ് കെടിഡിഎഫ്‌സിയുടെ നിലപാട്. നിക്ഷേപകർ ദയയല്ല ആവശ്യപ്പെടുന്നത്, അവരുടെ പണമാണെന്നും കോടതി വിമർശിച്ചു.
പണം തിരികെ നൽകുന്ന കാര്യത്തിൽ രണ്ടാഴ്ചയ്ക്കകം നിലപാട് അറിയിക്കാൻ സർക്കാരിന് കോടതി കർശന നിർദേശം നല്‍കി.
കെടിഡിഎഫ്‌സിയിലെ നിക്ഷേപകർക്ക് പണം തിരികെ നൽകുന്ന കാര്യത്തിൽ സർക്കാർ മറുപടി അറിയിക്കാത്തതാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്. സംസ്ഥാനത്തിന്‍റെ ഗ്യാരണ്ടിയിലാണ് നിക്ഷേപകർ പണം നൽകിയത്.
അല്ലെങ്കിൽ ആരെങ്കിലും കെടിഡിഎഫ്‌സിയിൽ പണം നിക്ഷേപിക്കുമോ എന്നും കോടതി ചോദ്യമുന്നയിച്ചു. കോടതി ആവശ്യപ്പെട്ട് 20 ദിവസമായിട്ടും പണം തിരികെ നൽകുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാൻ സാധിച്ചിട്ടില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി. തുടർന്ന് പണം തിരികെ നൽകുന്ന കാര്യത്തിൽ രണ്ടാഴ്ചയ്ക്കകം നിലപാട് അറിയിക്കാൻ സർക്കാരിന് കോടതി കർശന നിർദ്ദേശം നൽകി.
നിക്ഷേപിച്ച പണം തിരികെ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കൊല്‍ക്കത്ത ആസ്ഥാനമായ ലക്ഷ്‌മിനാഥ് ട്രേഡ് ലിങ്ക്സ് പ്രൈവറ്റ് ലിമിറ്റഡ് സമർപ്പിച്ച ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. 32 ലക്ഷത്തിൽപ്പരം രൂപയാണ് കെടിഡിഎഫ്‌സി ഹർജിക്കാർക്ക് തിരികെ നൽകാനുള്ളത്. 4 നിക്ഷേപങ്ങളിലായി സ്വീകരിച്ച പണം തിരികെ നൽകാനുള്ള കാലാവധി ജൂൺ, ജൂലൈ മാസങ്ങളിൽ പൂർത്തിയായിരുന്നു.
പല തവണ പണം തിരികെ നൽകാനാവശ്യപ്പെട്ട് കെടിഡിഎഫ്‌സി അധികൃതരെ ബന്ധപ്പെട്ടെങ്കിലും മറുപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. പണം തിരികെ നൽകിയില്ലെങ്കിൽ ബാങ്കിംഗ് ഇതര സ്ഥാപനമായി പ്രവർത്തിക്കാനുള്ള ലൈസൻസ് റദ്ദാക്കുമെന്ന് റിസർവ് ബാങ്ക് അറിയിപ്പ് നൽകിയിരുന്നു.
പ്രതിസന്ധിയ്‌ക്ക് പരിഹാരം കണ്ടെത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗം ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും പ്രാവർത്തികമായിരുന്നില്ല.