എറണാകുളം : കെഎസ്‌ആർടിസി ജീവനക്കാർക്ക് ഓണത്തിന് മുൻപ് ജൂലൈ മാസത്തെ ശമ്പളം മുഴുവൻ കൊടുത്തുതീർക്കണമെന്ന് ഹൈക്കോടതിയുടെ കർശന നിർദേശം. ശമ്പള വിതരണം മുടങ്ങിയതിൽ രൂക്ഷ വിമർശനമാണ് കെഎസ്‌ആർടിസി നേരിട്ടത്. വിരമിച്ച കെഎസ്‌ആർടിസി ജീവനക്കാർക്ക് ജൂലൈ മാസത്തെ പെൻഷന്‍ ഉടൻ നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ഓണത്തിന് ആരെയും പട്ടിണി കിടത്താൻ അനുവദിക്കില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. അതേസമയം, സർക്കാരിനോട് ആവശ്യപ്പെട്ട 130 കോടി ലഭിച്ചാൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം മുഴുവനായും നൽകാൻ കഴിയുമെന്ന് കെഎസ്‌ആർടിസി അറിയിച്ചു.
എന്നാൽ വരുമാനത്തിൽ നിന്ന് ആദ്യ ഗഡു ശമ്പളം നൽകേണ്ടത് കെഎസ്‌ആർടിസി ആണെന്ന് കോടതി വ്യക്തമാക്കി. ഇന്ന് സർക്കാർ നടത്തുന്നുണ്ടെന്ന് അറിയിച്ച ഉന്നതതല യോഗത്തിൽ നിലവിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യണമെന്നും കോടതി അറിയിച്ചിട്ടുണ്ട്. കെഎസ്‌ആർടിസി ശമ്പളം, പെൻഷൻ വിഷയങ്ങൾ ഈ മാസം 21ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
അതിനിടെ കൊച്ചി നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയിലും ഹൈക്കോടതിയുടെ വിമർശനമുണ്ടായി. റോഡുകളിലെ കുഴികൾ എന്തുകൊണ്ടാണ് അടയ്‌ക്കാത്തതെന്ന് ചോദിച്ച കോടതി, നഗരത്തിലെ റോഡിൽ കുഴികൾ ഉണ്ടെങ്കിൽ അതിന്‍റെ ഉത്തരവാദിത്തം കോർപറേഷനാണെന്ന് ചൂണ്ടിക്കാട്ടി. റോഡിലെ കുഴികൾ കോടതി കാണുന്നില്ലേ എന്നാണ് ജനങ്ങൾ ചോദിക്കുന്നത്.
എന്നാൽ കുഴി നോക്കേണ്ടത് കോടതിയുടെ ജോലിയല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശന സ്വരത്തിൽ ഓർമിപ്പിച്ചു. വിഷയത്തിൽ ജില്ല കലക്‌ടർ അടക്കം പങ്കെടുക്കുന്ന യോഗം ചേരുന്നുണ്ടെന്ന് കോർപറേഷൻ അറിയിച്ചെങ്കിലും കുഴിയടയ്ക്കാൻ എന്തിനാണ് മീറ്റിങ് എന്നായിരുന്നു കോടതിയുടെ പരിഹാസരൂപേണയുള്ള ചോദ്യം.
പ്രതിഷേധിച്ച് തൊഴിലാളി സംഘടനകൾ : കെഎസ്‌ആർടിസി ശമ്പള വിതരണം വൈകുന്നതിൽ വൻ പ്രതിഷേധത്തിലാണ് ജീവനക്കാർ. ഇതിന്‍റെ ഭാഗമായി ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് (ഐഎൻടിയുസി), സെന്‍റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയന്‍ (സിഐടിയു) സംഘടനകളുടെ സംയുക്ത സമര സമിതി ഈ മാസം 26 ന് പണിമുടക്കാനും തീരുമാനിച്ചിരുന്നു. എല്ലാ മാസവും അഞ്ചാം തീയതിയ്‌ക്ക് മുൻപ് ശമ്പളം നൽകണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ പാലിക്കപ്പെട്ടില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേയ്‌ക്ക് പോകുമെന്നും സംഘടനകൾ അറിയിച്ചിരുന്നു.
Read More : ശമ്പള വിതരണ പ്രതിസന്ധി, ഈമാസം 26ന് പണിമുടക്കുമെന്ന് കെഎസ്ആർടിസി ജീവനക്കാര്‍
അതേസമയം, സർക്കാർ സഹായമായ 50 കോടി രൂപ ധനവകുപ്പ് കൃത്യമായി നൽകാത്തതിനെ തുടർന്നാണ് ശമ്പള വിതരണത്തിൽ പ്രതിസന്ധി നേരിടുന്നതെന്നാണ് കെഎസ്‌ആർടിസി എംഡി ബിജു പ്രഭാകറിന്‍റെയും ഗതാഗത മന്ത്രി ആൻ്റണി രാജുവിന്‍റെയും പ്രതികരണം.