എറണാകുളം : ശബരിമല പ്രക്ഷോഭ (Sabari mala protest) സമയത്ത് പൊലീസുകാർ നെയിം ബാഡ്‌ജ് (name badge for police) ധരിക്കാഞ്ഞതിൽ ഹൈക്കോടതി വിമർശനം. നിലയ്ക്കലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ പലരും നെയിം ബാഡ്‌ജ് ധരിക്കാതെ ചട്ടം ലംഘിച്ചു. ഇത്തരം ചട്ടലംഘനങ്ങൾ ഭാവിയിൽ ആവർത്തിക്കപ്പെടരുതെന്നും സംസ്ഥാന പൊലീസ് മേധാവിയ്‌ക്കു ഹൈക്കോടതി ബെഞ്ച് നിർദേശം നൽകി.
നെയിം ബാഡ്‌ജ് വേണമെന്നതുൾപ്പെടെയുള്ള ചട്ടങ്ങൾ കൃത്യമായി പാലിക്കപ്പെടണമെന്നും കോടതി ഉത്തരവിട്ടു. പ്രക്ഷോഭ സാഹചര്യങ്ങളിൽ മോശമായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥരെ നെയിം ബാഡ്‌ജിലൂടെയാണ് തിരിച്ചറിയാനാകുകയെന്നും കോടതി ചൂണ്ടിക്കാട്ടി. നിലയ്ക്കലിലെ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട് 2018 ൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.
പൊലീസ് അതിക്രമത്തിൽ നടപടി ആവശ്യപ്പെട്ട് പത്തനംതിട്ട ശബരിമല ആചാര സംരക്ഷണ സമിതി ചെയർമാനുൾപ്പെടെ നൽകിയ ഹർജിയിലാണ് കോടതി നിർദേശം. വീഴ്‌ച വരുത്തിയ പൊലീസുകാർക്കെതിരെ വകുപ്പുതല നടപടി എടുത്തെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചിരുന്നു. ക്രിമിനൽ നടപടി ചട്ടത്തിൽ 41b (a), 2011 ലെ പൊലീസ് സർക്കുലർ പ്രകാരവും നെയിം ബാഡ്‌ജ് ഡ്യൂട്ടി സമയത്ത് പൊലീസ് ഉദ്യോഗസ്ഥൻ ധരിക്കണമെന്ന് വ്യക്തമാക്കുന്നുണ്ട്.
ഇവ രണ്ടും കർശനമായി പാലിക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ശബരിമലയിൽ സ്‌ത്രീ പ്രവേശനം അനുവദിച്ചുള്ള ഹൈക്കോടതി വിധിയെ തുടർന്ന്, നിരവധി സംഘർഷങ്ങൾ ഉണ്ടായിരുന്നു. സംഘർഷങ്ങളെ ചെറുക്കാൻ ഗവൺമെന്‍റ് പൊലീസിനെ ഉപയോഗിച്ചിരുന്നു. അന്ന് പ്രക്ഷോഭകരെ നിയന്ത്രിക്കാൻ പൊലീസ് നെയിം ബാഡ്‌ജ് ഇല്ലാതെയാണ് വന്നതെന്നാണ് ശബരിമല ദേവസ്വം ബോർഡിന്‍റെ ആരോപണം.
ഇതിനെ തുടർന്നാണ് ദേവസ്വം ബോർഡ് അനുകൂല വിധിയ്‌ക്കായി കോടതിയെ സമീപിച്ചത്. അന്നത്തെ ലാത്തി ചാർജിൽ 250 ലേറെ സമരക്കാർക്ക് പരിക്കേറ്റിരുന്നു. കൂടാതെ 40 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. സമരത്തിലെ കല്ലേറിൽ കെഎസ്‌ആർടിസി ബസുൾപ്പെടെ നിരവധി വാഹനങ്ങൾക്ക് നാശ നഷ്‌ടമുണ്ടായി.
ശബരിമലയിലെ റൂം ബുക്കിങ് : ശബരിമലയിൽ എത്തുന്നവർക്കു താമസിക്കാൻ മുറിയെടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓൺലൈൻ പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. ഇതു വഴി ക്ഷേത്ര പരിസരത്തു തന്നെ മുറിയെടുത്തു താമസിക്കാൻ സാധിക്കും. 80 രൂപ മുതൽ 2,220 രൂപ വരെയാണു മുറികൾക്കു ഈടാക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യുന്നതിലൂടെ ശബരിമല പ്രസാദം ലഭിക്കുകയും ദർശനവുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങൾ ലഭ്യമാകുന്നതിനു സഹായകമാകുന്നു. മുറി ബുക്ക് ചെയ്യുന്നതിനു മൊബൈൽ നമ്പറും ഇമൈൽ അഡ്രസും ആവശ്യമാണ്. വിശ്ചികം ഒന്നു മുതൽ ധനു 11 വരെയാണു ശബരിമല സീസൺ ആരംഭിക്കുന്നത്. ഈ സമയം സന്നിധാത്തു വളെരെയധികം തിരക്കുള്ളതിനാൽ ദേവസ്വം ബോർഡിന്‍റെ ഓൺലൈൻ പോർട്ടൽ തീർഥാടകർക്ക് വളരെയധികം സഹായകമാണ്. വിശ്ചികത്തിനു പുറമേ എല്ലാ മലയാള മാസവും ഒന്നു മുതൽ അഞ്ച് വരെ ശബരിമല നട തുറക്കാറുണ്ട്.