എറണാകുളം : പുരാവസ്‌തു ഇടപാടിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ നാലാം പ്രതിയായ ഐജി ഗുഗുലോത്ത് ലക്ഷ്‌മണിന്‍റെ അറസ്റ്റ് അടുത്ത വ്യാഴാഴ്‌ച വരെ തടഞ്ഞ് ഹൈക്കോടതി. കേസിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് ലക്ഷ്‌മൺ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. സിംഗിൾ ബഞ്ചിന്‍റേതാണ് ഉത്തരവ്.
അന്വേഷണവുമായി ഐജി ലക്ഷ്‌മൺ സഹകരിക്കുന്നില്ല എന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ലക്ഷ്‌മണിന് വേണ്ടി അഡ്വ. നോബിൾ മാത്യു ഹാജരായി. ബുധനാഴ്‌ച ഐജി ചോദ്യം ചെയ്യലിന് ഹാജരായേക്കുമെന്ന് സൂചനയുണ്ട്. സാമ്പത്തിക തട്ടിപ്പിൽ മുഖ്യ ആസൂത്രകൻ ഐജി ഗുഗുലോത്ത് ലക്ഷ്‌മൺ ആണെന്നാണ് ഇടക്കാല മുൻകൂർ ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ നൽകിയ ഉപഹർജിയിൽ പറഞ്ഞിരുന്നത്.
ലക്ഷ്‌മണിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയിട്ടുണ്ട്. നിലവിൽ നടത്തിയിട്ടുള്ള
അന്വേഷണത്തിൽ സുപ്രധാന തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ജി ലക്ഷ്‌മൺ അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നു എന്നും അറസ്റ്റ് ഭയന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത് എന്നുമായിരുന്നു ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചത്. ആയുർവേദ ചികിത്സയിലാണെന്ന് ചൂണ്ടിക്കാട്ടി ഐജി ലക്ഷ്‌മണ്‍ സമർപ്പിച്ച മെഡിക്കൽ രേഖയിൽ സംശയമുണ്ടെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.
ഐപിഎസ് പദവി ദുരുപയോഗം ചെയ്‌ത് മെഡിക്കൽ രേഖ ഉണ്ടാക്കിയെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്‍റെ റിപ്പോർട്ട്. പുരാവസ്‌തു തട്ടിപ്പ് വീരൻ മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയത് ഐജി ഗുഗുലോത്ത് ലക്ഷ്‌മൺ, മുൻ ഡി ഐ ജി സുരേന്ദ്രൻ, കെ സുധാകരൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നുവെന്ന പരാതിയിന്മേലായിരുന്നു ക്രൈം ബ്രാഞ്ച് കേസ് എടുത്തത്.
Also read : പുരാവസ്‌തു ഇടപാടിലെ സാമ്പത്തിക തട്ടിപ്പ് : ഐ.ജി ജി ലക്ഷ്‌മൺ മുഖ്യ ആസൂത്രകനെന്ന് ക്രൈംബ്രാഞ്ച്
ഈ കേസ് പ്രകാരം ഓഗസ്‌റ്റ് 14ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ(ഇ.ഡി) കൊച്ചിയിലെ ഓഫിസിൽ ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരോഗ്യ പ്രശ്‌നമുള്ളതിനാൽ ചികിത്സയിലിരിക്കെ എത്താൻ കഴിയില്ലെന്നായിരുന്നു ഐജി ജി.ലക്ഷ്‌മൺ അറിയിച്ചത്. ഇതിന് മുൻപും രണ്ട് തവണ ഇഡി ഐജിക്ക് നോട്ടിസ് നൽകിയിരുന്നു. എന്നാൽ അപ്പോഴും ജി ലക്ഷ്‌മൺ ഹാജരായിരുന്നില്ല.
മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഗുരുതര ആരോപണം : കഴിഞ്ഞ മാസം മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഐജി ഗുഗുലോത്ത് ലക്ഷ്‌മൺ ഗുരുതര ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് ഗൂഢ സംഘം പ്രവർത്തിക്കുന്നു എന്ന വാദമായിരുന്നു അദ്ദേഹം ഉയർത്തിയത്. മോന്‍സൺ മാവുങ്കല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജി ലക്ഷ്‌മണ്‍ ഹൈക്കോടതിയില്‍ ഹര്‍ജി നൽകിയിരുന്നു. ഈ ഹർജിയിലാണ് ആരോപണങ്ങൾ ഉന്നയിച്ചത്. ഈ നിഗൂഢ സംഘം സംസ്ഥാനത്തെ സാമ്പത്തിക ഇടപാടുകളിൽ ഒത്തുതീർപ്പും പരാതി പരിഹാരവും നടത്തുകയാണ്. മുഖ്യമന്ത്രിയുടെ ഓഫിസ് അസാധാരണ ഭരണഘടനാപരമായ അധികാര കേന്ദ്രമായി പ്രവർത്തിക്കുന്നു എന്നും ഐജി ഗുഗുലോത്ത് ലക്ഷ്‌മൺ ആരോപിച്ചിരുന്നു.