എറണാകുളം: കേരളത്തിനാവശ്യമായ വാക്‌സിൻ എപ്പോൾ വിതരണം ചെയ്യാൻ കഴിയുമെന്ന് അറിയിക്കണമെന്ന് കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. വാക്‌സിൻ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഇടപെടൽ. അടുത്ത വെള്ളിയാഴ്‌ച വിശദാംശങ്ങൾ അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
വാക്‌സിൻ നൽകാൻ വൈകുന്നത് മരണസംഖ്യ കൂട്ടുമെന്നും വിതരണം വേഗത്തിലാക്കണമെന്നും കോടതി അറിയിച്ചു. എപ്പോൾ, എങ്ങനെ നൽകാനാവുമെന്ന് അറിയിക്കണം. ഇങ്ങനെ തുടർന്നാൽ വാക്‌സിനേഷൻ പൂർത്തിയാകാൻ രണ്ട് വർഷമെങ്കിലും എടുക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. അതേസമയം കൊവാക്‌സിൻ നിർമിക്കാൻ മറ്റു കമ്പനികൾക്കു കൂടി അനുമതി നൽകണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ ഇതിൽ നയപരമായ തീരുമാനമാണ് വേണ്ടതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. വാക്‌സിൻ വിതരണം ചെയ്യുന്നതിന് സുപ്രീം കോടതി നിയോഗിച്ച വിദഗ്‌ധ സമിതി മേൽനോട്ടം വഹിക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. എന്നാൽ അടിയന്തരമായി അധിക ഡോസ് വേണമെന്നും കേന്ദ്രത്തിൽ നിന്ന് പരമാവധി വിഹിതം ലഭിക്കാൻ കോടതി ഉത്തരവ് വേണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.
ജസ്‌റ്റിസ് രാജ വിജയരാഘവൻ, ജസ്‌റ്റിസ് എം.ആർ. അനിത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.