എറണാകുളം: സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടിയ ബി.പി.എൽ വിദ്യാർഥികളുടെ സ്കോളർഷിപ്പ് പിൻവലിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. ദാരിദ്ര്യ രേഖക്ക് താഴെയുള്ള വിദ്യാർഥികളുടെ പക്കൽ നിന്നും ഫീസ് ആവശ്യപ്പെടുന്നത് എങ്ങനെയെന്ന് കോടതി ചോദിച്ചു. സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടിയ ബി.പി.എൽ വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് അനുവദിച്ചുകൊണ്ടിരുന്ന സ്കോളർഷിപ്പ് ആനുകൂല്യം നിർത്തലാക്കിയ സംഭവത്തിലാണ് ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയത്.
ഏതാനും വിദ്യാര്‍ഥികൾ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. സ്വാശ്രയ കോളജുകളിൽ പഠിക്കുന്ന ദാരിദ്ര്യ രേഖക്ക് താഴെയുള്ള വിദ്യാർഥികളിൽ നിന്നും ഫീസ് ആവശ്യപ്പെടുന്നതിലെ അനൗചിത്യം അടക്കം കോടതി ചോദ്യം ചെയ്‌തിട്ടുണ്ട്. നൽകിക്കൊണ്ടിരുന്ന സ്കോളർഷിപ്പ് പിൻവലിച്ച സാഹചര്യത്തിൽ പ്രസ്‌തുത വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ ഭാവി എങ്ങനെ സംരക്ഷിക്കാനാകുമെന്ന് സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചു.
ഇത്തരം വിദ്യാർഥികളുടെ ഫീസടക്കമുള്ള ചെലവുകൾ സർക്കാർ സ്വയം വഹിക്കുകയോ, വിദ്യാർഥികളെ സര്‍ക്കാര്‍ കോളജുകളിലേക്ക് മാറ്റിക്കൊണ്ടോ പ്രശ്‌നം പരിഹരിക്കാനാകുമോയെന്നും കോടതി ചോദിച്ചു. ഹർജി ഓഗസ്റ്റ് 9ന് വീണ്ടും പരിഗണിക്കുന്ന വേളയിൽ സർക്കാർ മറുപടി നൽകണമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ നിർദേശം. ഫീസടക്കാത്തതിനെ തുടർന്ന് പുറത്താക്കൽ ഭീഷണി നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചത്.
ഫീസ് കുടിശ്ശികയുടെ പേരിൽ വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കരുതെന്ന് ഹർജിയിൽ ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവിറക്കിയിരുന്നു.