എറണാകുളം: കുസാറ്റിൽ സംഗീതനിശയ്ക്കിടെയുണ്ടായ ദുരന്തം വേദനിപ്പിക്കുന്നതെന്ന് ഹൈക്കോടതി. സംഭവത്തില്‍ വിദ്യാർത്ഥികളെ കുറ്റപ്പെടുത്തരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. അപകടത്തില്‍ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു നൽകിയ ഹർജിയിലാണ് നടപടി.
also read:കുസാറ്റ് ദുരന്തം; ഹൈക്കോടതിയെ സമീപിച്ച് കെഎസ്‌യു; സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യം
നഷ്‌ടപ്പെട്ടത് വിലപ്പെട്ട ജീവനുകളാണെന്നും, പരിപാടിയുടെ സംഘാടകർ വിദ്യാർത്ഥികളാണെന്നും വിദ്യാർത്ഥികളുടെ മേൽ പഴിചാരാനാകില്ലെന്നുമാരായിരുന്നു ഹൈക്കോടതി പരാമർശം. എന്നാൽ ചില സംവിധാനങ്ങൾക്ക് പിഴവു സംഭവിച്ചുവെന്ന നിലയിലേക്കാണ് കാര്യങ്ങൾ വിരൽ ചൂണ്ടുന്നത്.
അതിനാൽ നിലവിൽ നടക്കുന്ന അന്വേഷണങൾ ഏതു വിധത്തിലാണെന്നു കോടതിയ്ക്കറിയേണ്ടതുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിലപാടെടുത്തു. തുടർന്ന് അന്വേഷണം സംബന്ധിച്ച് സർക്കാരിനോടും സർവകലാശാല അധികൃതരോടും റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം നൽകി.
വിദ്യാർത്ഥികളോടൊപ്പമാണ് തന്‍റെ മനസ്സെന്നും വിദ്യാർത്ഥികളെ കുറ്റപ്പെടുത്തരുതെന്നും ഹർജി പരിഗണിക്കവെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് കുറ്റബോധം തോന്നേണ്ടതില്ലെന്ന് പറഞ്ഞ കോടതി ഹർജി ഈ മാസം 14 ന് വീണ്ടും പരിഗണിക്കാനായി മാറ്റി. സംഗീത പരിപാടിക്ക് സുരക്ഷ ആവശ്യപ്പെട്ട് സ്‌കൂൾ ഓഫ് എൻജിനിയറിങ് പ്രിൻസിപ്പാൾ നൽകിയ കത്ത് രജിസ്ട്രാർ അവഗണിച്ചതാണ് ദുരന്തത്തിന്‍റെ വ്യാപ്‌തി കൂട്ടിയതെന്നാണ് ഹർജിയിൽ കെ.എസ്.യുവിന്‍റെ ആരോപണം.
സർവകലാശാലകളിലെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള മാർഗനിർദേശങ്ങൾ അവഗണിച്ചെന്നും ഹർജിയിൽ പറയുന്നുണ്ട്.
also read : കണ്ണൂര്‍ സര്‍വകലാശാല വിസി താത്കാലിക ചുമതല കുസാറ്റ് പ്രൊഫസര്‍ ബിജോയ് നന്ദന്