എറണാകുളം : ഡോക്‌ടർമാർ ആക്രമിക്കപ്പെടുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. 137 കേസുകളാണ് ഈ വര്‍ഷം രജിസ്‌റ്റർ ചെയ്‌തത്. ഡോക്‌ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്കായി എന്ത് നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് കോടതി ചോദിച്ചു.
സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകൾ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ഡോക്‌ടർമാരടക്കമുള്ള ആരോഗ്യ പ്രവർത്തകർക്കെതിരെ ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിൽ കോടതി ഇടപെടലാവശ്യപ്പെട്ടായിരുന്നു ഹർജി. ഇത് ഹൈക്കോടതി വീണ്ടും പരിഗണിക്കാനായി മാറ്റി.
ഡോക്‌ടർമാരുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. വനിത ഡോക്‌ടർമാർക്ക് നേരെ ലൈംഗികാതിക്രമങ്ങള്‍ വരെ നടക്കുന്നുണ്ട്. ഇത്തരം അഞ്ച് കേസുകളുണ്ടെന്നും കോടതി കുറ്റപ്പെടുത്തി.
ഡോക്‌ടർമാരടക്കമുള്ള ആരോഗ്യ പ്രവർത്തകർ ആക്രമിക്കപ്പെട്ടുവെന്ന പരാതി ലഭിച്ചാൽ ഒരു മണിക്കൂറിനകം എഫ്ഐആർ രജിസ്‌റ്റർ ചെയ്യണമെന്നും കോടതി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ എങ്ങനെ നിയന്ത്രിക്കും, ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്ക്കായി എന്തൊക്കെ നടപടികൾ സ്വീകരിക്കാൻ കഴിയും, എന്നീ കാര്യങ്ങള്‍ അറിയിക്കണമെന്നും കോടതി സർക്കാരിനോട് നിർദ്ദേശിച്ചു.