എറണാകുളം : ശക്തമായ മഴയെ തുടര്‍ന്ന് കൊച്ചിയിലെ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. നഗരത്തിലെ സ്റ്റേഡിയം ലിങ്ക് റോഡ്, കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡ് എന്നിവിടങ്ങള്‍ പൂർണമായും വെള്ളത്തിലായി. മേഖലയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് വഴിയാത്രക്കാരും വ്യാപാരികളും.
വെള്ളക്കെട്ട് രൂപപ്പെട്ട പാതയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കടകളിലേക്ക് ഉപഭോക്താക്കള്‍ക്ക് എത്തിച്ചേരാനാവാത്തത് വ്യാപാരികള്‍ക്ക് തിരിച്ചടിയായി. രാവിലെ മുതല്‍ കട തുറന്ന് കാത്തിരിക്കുകയാണെങ്കിലും ആവശ്യക്കാരൊന്നും ഇതുവരെ വന്നില്ലെന്ന് കച്ചവടക്കാരനായ റിസ്‌വാന്‍ പറഞ്ഞു. കഴിഞ്ഞയാഴ്‌ചയും സമാന സാഹചര്യമാണുണ്ടായതെന്നും റിസ്‌വാന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം വെള്ളക്കെട്ട് രൂപപ്പെട്ട പാതയിലൂടെയുള്ള യാത്ര അഭ്യാസ പ്രകടനമാണെന്നാണ് യാത്രക്കാരനായ സാറ്റോയുടെ അഭിപ്രായം. എന്നാല്‍ ഇത്തരത്തില്‍ വെള്ളക്കെട്ടിലൂടെ യാത്ര ചെയ്യുന്നത് കാരണം വാഹനങ്ങള്‍ക്ക് വേഗത്തില്‍ കേടുപാടുകള്‍ സംഭവിക്കുകയാണെന്ന് ഓട്ടോ ഡ്രൈവര്‍ നിസാര്‍ പറയുന്നു. വെള്ളക്കെട്ട് കാരണം ചുറ്റി തിരിഞ്ഞ് യാത്ര ചെയ്യേണ്ടി വരുന്നത് പെട്രോള്‍ ചെലവ് വര്‍ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
also read: കാസർകോട് കനത്ത മഴ തുടരുന്നു; പാലായി ഷട്ടർ കം ബ്രിഡ്‌ജിന്‍റെ ഷട്ടറുകൾ തുറന്നു, ജാഗ്രത നിര്‍ദേശം
റോഡുകള്‍ പലതും വെള്ളത്തിലായതോടെ പലര്‍ക്കും വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ കോടികള്‍ ചെലവഴിച്ച് നടപ്പിലാക്കിയ ബ്രേക്ക് ത്രൂ, വാഹിനി പദ്ധതികളൊന്നും ഫലപ്രദമായില്ലെന്ന പരാതികളും ഉയരുന്നുണ്ട്. കൂടാതെ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള കാന വൃത്തിയാക്കല്‍, കനാലുകളിലെ പായലുകള്‍ നീക്കം ചെയ്യല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതും നഗരത്തിലെ വെള്ളക്കെട്ടിന് പ്രധാന കാരണങ്ങളാവുന്നുണ്ട്.