എറണാകുളം: ശക്തമായ മഴയെത്തുടർന്ന് എറണാകുളം മണ്ഡലത്തിൽ വോട്ടിങ് ആരംഭിച്ച ആദ്യമണിക്കൂറിൽ വോട്ട് ചെയ്യാനെത്തിയവരുടെ എണ്ണത്തിൽ കുറവ്. റോഡുകൾ ഭൂരിഭാഗവും വെള്ളത്തിനടിയിലായതോടെ ബൂത്തുകളിലെത്താൻ വോട്ടർമാർ ഏറെ പ്രയാസപ്പെടുകയാണ്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെ ഏറെ ബുദ്ധിമുട്ടിയാണ് റോഡുകളിലൂടെ യാത്ര ചെയ്യുന്നത്. എറണാകുളം അയ്യപ്പൻ കാവിലെ അറുപത്തി നാലാം നമ്പർ ബൂത്തിൽ വെള്ളം കയറിയതിനെ തുടർന്ന് ബൂത്ത് മാറ്റി സ്ഥാപിച്ചു. പ്രായമായവരും കാൽ നടയായി ബൂത്തുകളിലെത്തിയവരുമാണ് ഏറെ പ്രയാസപ്പെട്ടത്. റോഡിൽ വെള്ളമുയർന്നതിനെ തുടർന്ന് ഏറെ ഭയത്തോടെയാണ് വോട്ട് ചെയ്യാനെത്തിയതെന്ന് കടവന്ത്രയിലെ വോട്ടറായ ശാന്ത പറഞ്ഞു. ഇത്തരത്തിൽ വോട്ട് ചെയ്യാനെത്തിയത് ആദ്യമാണന്നും അവർ വ്യക്തമാക്കി.
മഴ ശക്തമായ സാഹചര്യത്തിൽ വോട്ടെടുപ്പ് മാറ്റി വെക്കുന്നതിനോട് യോജിപ്പില്ലെന്ന് വോട്ടറായ ജിത്തു അഭിപ്രായപ്പെട്ടു. മഴയെ തുടർന്ന് വൈദ്യുതി ഇല്ലാത്തതിനെ തുടർന്ന് ബൂത്തുകളിൽ മെഴുകുതിരി വെളിച്ചത്തിലാണ് ആദ്യ മണിക്കൂറിൽ വോട്ടെടുപ്പ് നടന്നത്. അതേസമയം പ്രതികൂലമായ കാലാവസ്ഥയിൽ പോളിങ് ശതമാനം കുറയുമോയെന്ന ആശങ്കയിലാണ് രാഷ്ട്രീയ പാർട്ടികൾ. ജില്ലാ കലക്ടർ എസ്.സുഹാസ് എസ്.ആർ.വി.എൽ.പി സ്‌കൂളിൽ വോട്ട് ചെയ്തു. ഇടത് സ്വതന്ത്ര സ്ഥാനാർഥി കടവന്ത്രയിലെ 123-ാം നമ്പർ ബൂത്തിലും ബി.ജെ.പി സ്ഥാനാർഥി സി.ജി രാജഗോപാൽ കതൃക്കടവിലെ സെന്‍റ് ജോക്കിംഗ്‌സ് സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി. അതേസമയം യു.ഡി.എഫ് സ്ഥാനാർഥി ടി.ജെ. വിനോദിന് എറണാകുളം മണ്ഡലത്തിൽ വോട്ടില്ല.