എറണാകുളം: എറണാകുളത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എൻ.ഡി.ആർ.എഫ് സംഘം ജില്ലയിലെത്തി. ദുരന്തനിവാരണ സേനയുടെ നാലാം ബറ്റാലിയൻ കമാന്‍ഡർ വി. രാം ബാബുവിന്‍റെ നേതൃത്വത്തിൽ 25 പേരടങ്ങുന്ന സംഘത്തെയാണ് ജില്ലയിലേക്ക് നിയോഗിച്ചിട്ടുള്ളത്. കലക്‌ടറേറ്റിലെത്തിയ സേനാംഗങ്ങൾ ജില്ല കലക്‌ടർ ഡോ. രേണു രാജുമായി കൂടിക്കാഴ്‌ച നടത്തി.
കാക്കനാട് യൂത്ത് ഹോസ്റ്റലിൽ ക്യാമ്പ് ചെയ്യുന്ന എൻ.ഡി.ആർ.എഫ് സംഘത്തെ ആവശ്യ ഘട്ടങ്ങളിൽ ജില്ല ഭരണകൂടത്തിന്‍റെ നിർദേശാനുസരണം വിവിധ സ്ഥലങ്ങളിൽ വിനിയോഗിക്കും. ആലുവ താലൂക്കില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. എസ്.പി.ഡബ്ലിയു യു.പി സ്‌കൂളിലും കുന്നുശേരി മദ്രസയിലും വാലേപുരം അങ്കണവാടിയിലുമാണ് ക്യാമ്പുകള്‍ തുറന്നത്.
എസ്.പി.ഡബ്ലിയു യു.പി സ്‌കൂളില്‍ 31 പേരും കുന്നുശേരി മുസ്ലീം മദ്രസയില്‍ 37 പേരും വാലേപുരം അങ്കണവാടിയില്‍ 15 പേരുമാണുള്ളത്. പറവൂര്‍ താലൂക്കില്‍ കടുങ്ങല്ലൂര്‍ വില്ലേജില്‍ രണ്ട് ക്യാമ്പുകള്‍ ആരംഭിച്ചു. കുറ്റിക്കാട്ടുകര ഗവണ്‍മെന്‍റ് യു.പി സ്‌കൂളിലും, ഐ.എ.സി യൂണിയന്‍ ഓഫിസിലുമാണ് ക്യാമ്പുകൾ തുറന്നിരിക്കുന്നത്.
കുറ്റിക്കാട്ടുകര സ്‌കൂളില്‍ 13 കുടുംബങ്ങളും, ഐ.എ.സി യൂണിയന്‍ ഓഫിസില്‍ ഏഴ് കുടുംബങ്ങളുമാണ് നിലവിലുള്ളത്. മുനമ്പത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ കാതറിൻ എന്ന ബോട്ട് പ്രതികൂല കാലാവസ്ഥയെ തുടർന്ന് മടങ്ങുന്നതിനിടയിൽ അപകടത്തിൽപെട്ടു. മുനമ്പം അഴിമുഖത്ത് വച്ച് ചുക്കാനുമായുള്ള ബന്ധം പൊട്ടി നിയന്ത്രണം വിട്ട് മുനമ്പം വേളാങ്കണ്ണി പള്ളിക്ക് സമീപം മണലിൽ തട്ടി മറിയുകയായിരുന്നു.
ബോട്ടിൽ ഉണ്ടായിരുന്ന 15 തൊഴിലാളികളും നീന്തി രക്ഷപ്പെട്ടു. ബോട്ടിന് കേടുപാടുകൾ സംഭവിക്കുകയും, മത്സ്യബന്ധന വല നഷ്‌ടപ്പെടുകയും ചെയ്‌തു. വെള്ളക്കെട്ടിനെ തുടർന്ന് കോടനാട് റിസോർട്ടിൽ കുടുങ്ങിയ വിദേശ പൗരന്മാർ അടക്കമുള്ള വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. കോടനാട് ആനക്കൊട്ടിലിന് സമീപത്തെ എലഫന്‍റ് പാസ് റിസോർട്ടിൽ നിന്നാണ് ഏഴ് പേരടങ്ങുന്ന സംഘത്തെ പുറത്ത് എത്തിച്ചത്.
പെരിയാറിന് അടുത്തുള്ള റിസോർട്ടിലേക്ക് പെട്ടെന്ന് വെള്ളം കയറുകയായിരുന്നു. രണ്ട് വിദേശികളും ഫോർട്ട് കൊച്ചി സ്വദേശികളായ കുടുംബവും റിസോർട്ട് ജീവനക്കാരുമാണ് വെള്ളക്കെട്ടിൽ അകപ്പെട്ടത്. തുടർന്ന് വിവരമറിഞ്ഞ് എത്തിയ അഗ്നിരക്ഷാസേനയും, പൊലീസും റവന്യൂ അധികൃതരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് ഇവരെ പുറത്ത് എത്തിച്ചത്.
സഞ്ചാരികളെ സമീപത്തെ മറ്റൊരു റിസോർട്ടിലേക്ക് മാറ്റിപാർപ്പിച്ചതായി അധികൃതർ വ്യക്തമാക്കി.