എറണാകുളം: കൊവിഡിനെ ചെറുക്കുന്നതിൽ സർക്കാരിന് വീഴ്‌ച സംഭവിച്ചെന്ന ഗുരുതര ആരോപണവുമായി പി.ടി.തോമസ് എം.എൽ.എ. ആരോഗ്യ പ്രവർത്തകരെ നിരീക്ഷണത്തിലാക്കുന്നതിൽ വീഴ്‌ച വരുത്തിയെന്നും ഇതേ കുറിച്ച് അന്വേഷണം നടത്തണമെന്നും പി.ടി.തോമസ് എം.എൽ.എ ആവശ്യപ്പെട്ടു.
കൊച്ചി വിമാനത്താവളത്തിൽ മാർച്ച് 19 മുതൽ 24 വരെ ഡ്യൂട്ടിക്ക് നിന്ന ആരോഗ്യ പ്രവർത്തകരിൽ ഒരാൾ രോഗബാധിതനായ ശേഷമാണ് മറ്റുള്ളവരെ നിരീക്ഷണത്തിലാക്കുന്നത്. വിമാനത്താവളങ്ങൾ അടച്ചതിന് ശേഷം അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്‌ടർമാർ മാതൃസ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചു. ഇവർ ജനറൽ ആശുപത്രിയിലെ രോഗികളുടെ ശസ്ത്രക്രിയ നടത്തുകയും ചെയ്‌തു. ഇത് ഗുരുതര വീഴ്‌ചയാണ്. ശസ്ത്രക്രിയ നടത്തിയ ഡോക്‌ടറെയും വിധേയനായ രോഗിയെയും അറിയാമെന്നും അന്വേഷണം നടത്തുകയാണെങ്കിൽ വെളിപ്പെടുത്തുമെന്നും പി.ടി.തോമസ് എംഎൽഎ വ്യക്തമാക്കി.
ഇപ്രകാരം തിരികെ ഡ്യൂട്ടിയിൽ പ്രവേശിച്ച രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ആരോഗ്യ പ്രവർത്തകരുടെ റൂട്ട് മാപ്പ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഫെബ്രുവരി 26 ന് കേന്ദ്രസർക്കാർ നൽകിയ നിർദേശം ലംഘിച്ചതാണ് സംസ്ഥാനത്ത രോഗബാധ കൂടുന്നതിന് കാരണമായത്. ഇടുക്കിയിലെ പൊതുപ്രവർത്തകന്‍റെ കാര്യത്തിൽ സർക്കാർ രാഷ്ട്രീയം കളിക്കുകയാണ്. രണ്ട് പരിശോധനാ ഫലങ്ങൾ നെഗറ്റീവായിട്ടും ഡിസ്‌ചാർജ് ചെയ്യുന്നില്ല. എല്ലാവർക്കും ബാധകമായ മാനദണ്ഡം അട്ടിമറിക്കുന്നു. കലക്‌ടർ അനുമതി നൽകിയെങ്കിലും പിന്നീട് തടസപ്പെട്ടു. ഉന്നത അനുമതി വേണമെന്ന് പിന്നീട് അറിയിച്ചു. ഉത്തരവാദിത്തപ്പെട്ട പൊതുപ്രവർത്തകനെന്ന നിലയിൽ കൊവിഡ് വീഴ്‌ച സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചുവെന്നും പി.ടി.തോമസ് എം.എൽ.എ അറിയിച്ചു.