എറണാകുളം : നവകേരള സദസിന് സംഭാവന നൽകണമെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവിന് സ്റ്റേ. സർക്കാർ ഉത്തരവ് മുനിസിപ്പാലിറ്റി ആക്‌ട് മറികടന്നുകൊണ്ടുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി നടപടി. സര്‍ക്കാര്‍ ഉത്തരവിനെതിരെ പറവൂർ നഗരസഭ ചെയർപേഴ്‌സൺ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വകമാറ്റി ചെലവഴിക്കാന്‍ സർക്കാരിന് അധികാരമില്ലെന്നും കോടതി പറഞ്ഞു. അതേസമയം നിയമപ്രകാരം മുനിസിപ്പൽ കൗൺസിൽ തീരുമാനമെടുത്താൽ മാത്രമേ നവകേരള സദസിലേക്കുള്ള സംഭാവന നഗരസഭ ഫണ്ടിൽ നിന്ന് ചെലവഴിക്കാനാകൂവെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദേശം മുനിസിപ്പാലിറ്റി നിയമത്തിന് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
സുവോളജിക്കല്‍ പാര്‍ക്കിലെ പരിപാടിക്കെതിരെ വിമര്‍ശനം : തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ നവകേരള സദസ് സംഘടിപ്പിക്കുന്നതിനെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചും വിമർശിച്ചു. എന്തിനാണ് പൊതുപരിപാടിക്ക് സുവോളജിക്കൽ പാർക്ക് അനുവദിച്ചതെന്ന് കോടതി ചോദിച്ചു. സുവോളജികൾ പാർക്കിന്‍റെ മുഴുവൻ സ്ഥലവും മൃഗശാലയുടെ ആവശ്യത്തിന് മാത്രമുള്ളതാണെന്നും കോടതി വ്യക്തമാക്കി.
24 പക്ഷികൾ, 2 കടുവകള്‍ എന്നിവയാണ് പാർക്കിലുള്ളത്. അവയെ സംരക്ഷിത മേഖലയിലാണ് പാർപ്പിച്ചിരിക്കുന്നത്. പരിപാടി നടക്കുന്നത് പാർക്കിങ് ഏരിയയിലാണെന്നും ഡയറക്‌ടർ അറിയിച്ചു. ശബ്‌ദ നിയന്ത്രണം സംബന്ധിച്ച് മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചതായും പാർക്ക് ഡയറക്‌ടർ വ്യക്തമാക്കി.
വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കരുതെന്നും കോടതി : സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നവകേരള സദസില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചതിനെ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിദ്യാര്‍ഥികളെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത് തികച്ചും രാഷ്‌ട്രീയ ഗൂഢാലോചനയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കുഞ്ഞുമനസുകളില്‍ രാഷ്‌ട്രീയം കുത്തിവയ്‌ക്കേണ്ടതില്ലെന്നും എല്ലാവര്‍ക്കും രാഷ്‌ട്രീയം ഉണ്ടായിക്കൊള്ളുമെന്നും ഹൈക്കോടതി പറഞ്ഞു.
വിദ്യാര്‍ഥികളെ നവകേരള സദസില്‍ പങ്കെടുപ്പിച്ചതില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഉണ്ടായിട്ടും വിദ്യാര്‍ഥി പങ്കാളിത്തം തുടര്‍ന്നത് ഗൗരവതരമാണെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ കടുത്ത നിയമ നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും കോടതി ഓര്‍മിപ്പിച്ചു.
Also read : നവകേരള സദസ്; ജില്ലാ കലക്‌ടർമാർ നടത്തിപ്പ് ചെലവ് കണ്ടെത്തണം, ഉത്തരവിനെതിരെ പൊതുതാൽപര്യ ഹർജി
നിലവില്‍ പരിപാടിയിലെ വിദ്യാര്‍ഥി പങ്കാളിത്തത്തെ കുറിച്ച് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ കുറിച്ച് കോടതി വിശദീകരണം തേടി. കോടതിയുടെ ഇടക്കാല ഉത്തരവ് നിലനില്‍ക്കവേ പരിപാടിയില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചതിന്‍റെ ദൃശ്യങ്ങള്‍ അടക്കമാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചിട്ടുള്ളത്. കേസ് അടുത്തയാഴ്‌ച വീണ്ടും പരിഗണിക്കും.