എറണാകുളം : താനൂർ ബോട്ട് അപകടവുമായി ബന്ധപ്പെട്ട കേസിൽ മാരിടൈം ബോർഡ് ചീഫ് സർവേയർ നൽകിയ ജാമ്യാപേക്ഷയിൽ സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി. ചീഫ് സർവേയർ സെബാസ്റ്റ്യൻ ജോസഫാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ബോട്ടിന് സർവെ സർട്ടിഫിക്കറ്റ് നൽകിയതിൽ നടപടി ക്രമങ്ങൾ ലംഘിച്ചിട്ടില്ലെന്നും മാധ്യമങ്ങളുടെ വായ അടപ്പിക്കാനായിരുന്നു തന്‍റെ അറസ്റ്റെന്നും അദ്ദേഹം ഹര്‍ജിയില്‍ പറയുന്നു.
കഴിഞ്ഞ 17 ദിവസമായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്. അന്വേഷണവുമായി സഹകരിച്ചുവെന്നും ജാമ്യം നൽകണമെന്നുമാണ് ഹർജിക്കാരന്‍റെ ആവശ്യം. നേരത്തെ മഞ്ചേരി സെഷൻസ് കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
മെയ് 7 നാണ് താനൂരില്‍ ബോട്ട് അപകടമുണ്ടായത്. അപകടത്തിൽ കുട്ടികൾ ഉൾപ്പടെ 22 പേർ മരിച്ചു. പരമാവധി ശേഷിയേക്കാൾ ആളുകളെ കയറ്റിയതാണ് ബോട്ട് മറിഞ്ഞ് അപകടമുണ്ടാകാൻ കാരണമായത്. ബോട്ടിന് സർവെ സർട്ടിഫിക്കറ്റ് നൽകിയതില്‍ അടക്കം നിയമ ലംഘനമുണ്ടായിയെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു.
കേരളത്തെ ഞെട്ടിച്ച ബോട്ട് ദുരന്തം : മെയ് 7ന് വൈകിട്ടാണ് താനൂര്‍ കേട്ടുങ്ങലില്‍ വിനോദ യാത്ര സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്. പരപ്പനങ്ങാടി താനൂര്‍ നഗരസഭ അതിര്‍ത്തിയിലെ പൂരപ്പുഴയുടെ ഒട്ടുംപുറം തൂവല്‍ തീരത്താണ് ബോട്ട് അപകടത്തില്‍പ്പെട്ടത്. പിഞ്ച് കുഞ്ഞുള്‍പ്പടെ 22 പേരാണ് അപകടത്തില്‍ മരിച്ചത്. പൂരപ്പുഴ അറബി കടലിനോട് ചേരുന്ന ഭാഗത്തായിരുന്നു അപകടം.
പ്രതിഷേധവുമായി നാട്ടുകാര്‍ : ബോട്ട് അപകടത്തിന് പിന്നാലെ വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നു. നിയമപരമായ രേഖകളില്ലാതെയാണ് ബോട്ട് സര്‍വീസ് നടത്തിയിരുന്നതെന്നും മത്സ്യ ബന്ധന ബോട്ട് മോഡിഫൈ ചെയ്‌ത് വിനോദ സഞ്ചാരികളെ കൊണ്ടുപോവുകയായിരുന്നുവെന്നും നാട്ടുകാര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ബോട്ടിന്‍റെ നിര്‍മാണത്തില്‍ അടക്കം വീഴ്‌ചകളുണ്ടായിട്ടുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു.
ബോട്ട് അപകടത്തിന് പിന്നാലെ ഒളിവില്‍ പോയ ഉടമ നാസറിനെ തൊട്ടടുത്ത ദിവസം പൊലീസ് പിടികൂടിയിരുന്നു. മാത്രമല്ല പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. ബേപ്പൂര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ പ്രസാദ്, സര്‍വേയര്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തി കേസെടുത്തത്.
ബോട്ട് യാര്‍ഡ് പണികഴിപ്പിക്കുമ്പോള്‍ തന്നെ പരാതി ഉയര്‍ന്നിരുന്നു. മത്സ്യ ബന്ധന ബോട്ട് ഉല്ലാസ ബോട്ടാക്കി സര്‍വീസ് നടത്തുകയാണെന്ന് പരാതികള്‍ ലഭിച്ചിട്ടും നടപടിയെടുത്തില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇരുവര്‍ക്കുമെതിരെ കുറ്റം ചുമത്തിയത്. ചട്ടവിരുദ്ധമായി ബോട്ടിന് ഉദ്യോഗസ്ഥര്‍ ലൈസന്‍സും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും നല്‍കിയെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു.
സ്വമേധയാ കേസെടുത്ത് ഹൈക്കോടതി: നിരവധി ജീവനുകള്‍ പൊലിയാന്‍ കാരണമായ താനൂര്‍ ബോട്ട് അപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. അപകടത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നും സംഭവത്തില്‍ ബോട്ട് ഓപ്പറേറ്റര്‍ മാത്രമല്ല കുറ്റക്കാരനെന്നും ഇത്തരത്തില്‍ അപകടമാംവിധം സര്‍വീസ് നടത്തുന്നതിന് ഇയാള്‍ക്ക് മറ്റാരുടെയോ സഹായം ലഭിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കേസെടുത്തത്.
also read: താനൂര്‍ ബോട്ട് അപകടം: ഉടമ നാസര്‍ കോഴിക്കോട് പിടിയില്‍
ആദ്യമായല്ല ഇത്തരമൊരു ദുരന്തം ഉണ്ടാകുന്നതെന്നും അപകടങ്ങളെ തുടര്‍ന്ന് അന്വേഷണങ്ങളും കണ്ടെത്തലുകളും നേരത്തെയും ഉണ്ടായിട്ടുണ്ടെങ്കിലും അശ്രദ്ധ മൂലമുള്ള അപകടങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കുകയാണെന്നും ഇതിന് തടയിടണമെന്നും കോടതി നിരീക്ഷിച്ചു.