എറണാകുളം: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്‍റെ എണ്ണത്തിന് പരിധി നിശ്ചയിക്കണമെന്ന് ഹൈക്കോടതി. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ പേഴ്‌സണല്‍ സ്റ്റാഫിന്‍റെ നിയമനത്തിനും ഇത് ബാധകമാകണം. കണക്കില്ലാതെ ആളുകളെ പേഴ്‌സണല്‍ സ്റ്റാഫിൽ നിയമിക്കുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.
പേഴ്‌സണല്‍ സ്റ്റാഫിനുള്ള പെൻഷൻ റദ്ദാക്കണമെന്നും, ചട്ടം ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ടുള്ള ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. പേഴ്‌സണല്‍ സ്റ്റാഫ് നിയമനം സർക്കാരിന്‍റെ നയപരമായ വിഷയമെന്ന് നിലപാടെടുത്ത കോടതി ഹർജിയിൽ ഇടപെടാനാകില്ലെന്നും പറഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്‍റെതാണ് നടപടി.
ആന്‍റി കറപ്ഷൻ പീപ്പിൾസ് മൂവ്മെന്‍റ്, പാലക്കാട് സ്വദേശിയായ ദിനേശ് മോനോൻ എന്നിവരടക്കം നൽകിയ നാലോളം ഹർജികളാണ് കോടതി തള്ളിയത്. പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ പൂർണമായും സർക്കാർ സർവീസിൽ നിന്ന് ഡെപ്യൂട്ടേഷൻ വഴി നിയമിക്കണം. പേഴ്‌സണല്‍ സ്റ്റാഫുകൾക്ക് മാസ ശമ്പളയിനത്തിൽ ഒരു കോടിയിലധികവും പെൻഷൻ ഇനത്തിൻ വർഷം 80 കോടിയിലധികം തുകയും ചെലവാകുന്നു.
ഇത് അധിക ബാധ്യതയാണെന്നും നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണം എന്നിങ്ങനെയായിരുന്നു ഹർജിയിലെ ആവശ്യങ്ങൾ. എന്നാൽ ഈ ആവശ്യങ്ങളെ സർക്കാർ എതിർക്കുകയും പേഴ്‌സണല്‍ സ്റ്റാഫ് എന്നത് രഹസ്യ സ്വഭാവമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗമാണെന്നറിയിക്കുകയും ചെയ്‌തിരുന്നു.