എറണാകുളം: കൊച്ചിയിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവം ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി. ഇനി ഒരു ജീവനും റോഡിൽ പൊലിയാൻ പാടില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. കൊച്ചിയിൽ ബൈക്ക് യാത്രികൻ സ്വകാര്യ ബസിടിച്ച് മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് കൊണ്ടാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്.
കോടതി നിർദേശ പ്രകാരം നേരിട്ട് ഹാജരായ കൊച്ചി ഡിസിപിയോട് അപകടകരമായ രീതിയിൽ ഓടിയ ബസിനെതിരെ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. അപകടം ഞെട്ടിക്കുന്നതെന്ന് വിലയിരുത്തിയ കോടതി ഇനി ഒരു ജീവനും റോഡിൽ പൊലിയാൻ പാടില്ലെന്നും ഓർമിപ്പിച്ചു. റോഡ് സുരക്ഷ സംവിധാനത്തിന്‍റെ പരാജയമാണ് അപകടത്തിന് കാരണമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഓവർ ടേക്കിങ് പാടില്ല എന്നതടക്കമുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ അപകടകരമായ രീതിയിൽ ഓടിക്കുന്ന ബസുകൾക്കെതിരെ നടപടി സ്വീകരിച്ചാൽ യൂണിയനുകൾ സമരത്തിനിറങ്ങുകയാണ് പതിവെന്നും ഡിസിപി എസ് ശശിധരൻ കോടതിയെ അറിയിച്ചിരുന്നു. അതേസമയം ഭയാശങ്കകളില്ലാതെ നടപടി സ്വീകരിക്കാൻ ട്രാഫിക് ഉദ്യോഗസ്ഥർക്ക് പൂർണ പിന്തുണ നൽകിയ കോടതി കർശന നടപടി സ്വീകരിക്കുന്നതിൽ വീഴ്‌ച വരുത്തരുതെന്നും ഓർമിപ്പിച്ചു.
അപകടകരമായ ഡ്രൈവിങ് നിയന്ത്രിക്കാനായി സ്വകാര്യ ബസുകളിൽ ഹെൽപ് നമ്പറുകൾ പ്രദർശിപ്പിക്കുന്നതിന്‍റെ നിയമ സാധുതയും കോടതി തേടി. വിഷയത്തിൽ നടപടി റിപ്പോർട്ട് സമർപ്പിക്കാൻ ഡിസിപിക്ക് നിർദേശം നൽകിയ കോടതി കേസ് 23 ന് പരിഗണിക്കാനായി മാറ്റി.