എറണാകുളം : കാണാതായ വ്യക്തികൾ മരണപ്പെട്ടുവെന്ന് നിയമപരമായ വിലയിരുത്തൽ ഇല്ലാതെ അവരുടെ സ്വത്തുക്കളുടെയും മറ്റും നിയമപരമായ അവകാശി എന്ന സാക്ഷ്യ പത്രം ബന്ധുക്കൾക്ക് നൽകരുതെന്ന് ഹൈക്കോടതി ഉത്തരവ് (HC On Legal Heirship Certificate). അനന്തരാവകാശ സർട്ടിഫിക്കറ്റ് (Legal Heirship certificate) നേടാനായി കാണാതായവർ മരിച്ചുവെന്ന് നിയമപരമായ വിലയിരുത്തൽ അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി (Kerala High Court).
11 വർഷമായി ഭർത്താവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നാവശ്യപ്പെട്ട് ഭാര്യയും മക്കളും നൽകിയ ഹർജിയിലാണ് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്. മരണം സംഭവിച്ചുവെന്ന് വിലയിരുത്തിക്കൊണ്ടുള്ള രീതിയിൽ പൊലീസ് അന്വേഷണമുണ്ടാകണമെന്നും പ്രസ്‌തുത സംഭവത്തിൽ അത്തരമൊരു അന്വേഷണം ഇതുവരെയുണ്ടായില്ലെന്നും കോടതി വ്യക്തമാക്കി.
എന്നാൽ 2002 ജൂൺ 20 മുതൽ ഭർത്താവിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ എഫ്ഐആർ ഇട്ടെങ്കിലും അന്വേഷണം മുന്നോട്ടു പോയില്ലെന്ന് ഹർജിക്കാർ അറിയിച്ചു. അത്തരത്തിൽ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടില്ലെന്നും അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകരുതെന്നുമായിരുന്നു സർക്കാരിന്‍റെ നിലപാട്.
ഒരു പക്ഷെ കാണാതായ വ്യക്തി ജീവിച്ചിരിക്കുന്നുണ്ടാകും. ഹർജിക്കാരെ ബന്ധപ്പെടാൻ സാധിക്കാത്ത നിലയിലുമാകാം. മരണപ്പെട്ടുവെന്ന നിയമപരമായ വിലയിരുത്തൽ ഇല്ലാതെ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
തുടർന്ന് അധികാര പരിധിയിലുള്ള പൊലീസ് സ്‌റ്റേഷനിൽ പത്തു ദിവസത്തിനകം എഫ്ഐആർ രജിസ്‌റ്റർ ചെയ്യാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ഹർജിക്കാർക്ക് കോടതി നിർദേശം നൽകി. ഒരു മാസത്തിനകം എസ്എച്ച്ഒ അന്വേഷണം പൂർത്തിയാക്കുകയും വേണം.
പൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ബന്ധപ്പെട്ട തഹസിൽദാരെയും ഹർജിക്കാർക്ക് സമീപിക്കാം. അർഹതയുണ്ടെന്ന് കണ്ടെത്തിയാൽ അപേക്ഷ ലഭിച്ച് ഒരു മാസത്തിനുള്ളിൽ തഹസിൽദാർ അനന്തരാവകാശ സർട്ടിഫിക്കറ്റ് ഹർജിക്കാർക്ക് നൽകണമെന്നും ഉത്തരവിൽ ഹൈക്കോടതി നിർദേശിച്ചു.
അശ്ലീല വീഡിയോ കാണുന്നത് നിയമപരമായി കുറ്റമല്ല: മൊബൈൽ ഫോണിൽ സ്വകാര്യമായി അശ്ലീല വീഡിയോ കാണുന്നത് നിയമപരമായി കുറ്റമായി കണക്കാക്കാനാകില്ലെന്ന് കേരള ഹൈക്കോടതി (Kerala High Court On Porn Video). അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും തെറ്റെന്നും കോടതി നിരീക്ഷിച്ചു.
പൊതുസ്ഥലത്ത് അശ്ലീല വീഡിയോ കണ്ടതിന് യുവാവിനെതിരെ ആലുവ പൊലീസ് എടുത്ത കേസ് റദ്ദാക്കിയ ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഡിജിറ്റൽ യുഗത്തിൽ ഇത്തരം അശ്ലീല വീഡിയോകൾ ലഭിക്കാൻ പ്രയാസമില്ല. കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ മൊബൈൽ ഫോണിലൂടെ അശ്ലീല വീഡിയോകൾ കാണാൻ സാധിക്കും.
അതേസമയം ചെറിയ കുട്ടികൾ ഇത്തരം അശ്ലീല വീഡിയോകൾ നിരന്തരം കാണുകയും ഇത് അടിമപ്പെടുത്തുകയും ചെയ്യുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്‌ടിക്കുമെന്നും ജസ്‌റ്റിസ് പി വി കുഞ്ഞികൃഷ്‌ണൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി.