എറണാകുളം : മാൾ സന്ദർശകരിൽ നിന്ന് ലുലു അനധികൃതമായി പാർക്കിങ് ഫീസ് വാങ്ങുന്നുവെന്ന ഹർജിയിൽ സർക്കാരിനും കളമശ്ശേരി മുനിസിപ്പാലിറ്റിക്കും ഹൈക്കോടതിയുടെ നോട്ടിസ്. ലുലു ഇന്‍റർനാഷണൽ ഷോപ്പിങ് മാളിനും നോട്ടിസ് അയച്ചിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് സൗജന്യ പാർക്കിങ് നൽകാനുള്ള ഉത്തരവാദിത്തം മാളിന്‍റെ മാനേജ്‌മെന്‍റിനുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് നിലപാട് തേടി സംസ്ഥാന സർക്കാരിനും കളമശേരി മുനിസിപ്പാലിറ്റിക്കും ഷോപ്പിങ് മാളിനും നോട്ടിസ് അയച്ചത്. ജസ്റ്റിസ് എൻ നഗരേഷ് അധ്യക്ഷനായ ബഞ്ചിന്‍റേതാണ് നടപടി.
ചലച്ചിത്ര സംവിധായകൻ പോളി വടക്കനാണ് അനധികൃത പാർക്കിങ് ഫീസ് പിരിവിനെതിരെ കോടതിയെ സമീപിച്ചത്. ഡിസംബർ രണ്ടിന് മാൾ സന്ദർശിച്ചപ്പോൾ തന്‍റെ പക്കൽ നിന്നും 20 രൂപ പാർക്കിങ് ഫീസ് ഈടാക്കിയെന്ന് കാട്ടിയാണ് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.