എറണാകുളം: കേരള അതിർത്തി അടച്ച കര്‍ണാടക സര്‍ക്കാരിന്‍റെ നടപടിയില്‍ കേന്ദ്രസർക്കാർ ഉടൻ ഇടപെടണമെന്ന് ഹൈക്കോടതി ഉത്തരവ്. റോഡുകൾ തുറക്കാൻ നടപടിയെടുക്കണം. കാസർകോട്- മംഗലാപുരം ദേശീയ പാത ചികിത്സാ ആവശ്യത്തിനായി തുറക്കണം. ഇതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. ആവശ്യമെങ്കിൽ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.
ദേശീയ പാതയുടെ പൂർണ അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്നും ദേശീയ പാത അടയ്ക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും കോടതി ചൂണ്ടികാട്ടി. ചികിത്സയും ചരക്കുനീക്കവും തടയരുതെന്ന കേന്ദ്ര സർക്കാരിന്‍റെ മാർഗ്ഗ നിർദേശം കർണാടക ലംഘിച്ചു. അതിർത്തി അടച്ച നടപടി ഭരണഘടനാ വിരുദ്ധമാണ്. കേരള ഹൈക്കോടതി ഉത്തരവ് പാലിക്കാൻ കർണാടകത്തിന് ബാധ്യതയുണ്ട്. ഇപ്പോൾ ഇടപെട്ടില്ലെങ്കിൽ ഒട്ടേറെ ജീവനുകൾ നഷ്ടമാകുമെന്നും കോടതി വ്യക്തമാക്കി.
അതിർത്തി റോഡുകൾ അടച്ച തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടാണ് കേസ് പരിഗണിച്ച വേളയിലെല്ലാം കർണാടക സര്‍ക്കാര്‍ ഹൈക്കോടതിയിൽ സ്വീകരിച്ചത്. അന്തർസംസ്ഥാന വിഷയമായതിനാൽ ഇത്തരമൊരു കേസ് പരിഗണിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നും കർണാടക വാദിച്ചിരുന്നു. കാസർകോട് അതിർത്തിയിലെ റോഡുകൾ തുറക്കില്ലന്ന് കർണ്ണാടക ഐജിയും അറിയിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ശക്തമായ നിലപാടാണ് കേരള ഹൈക്കോടതി സ്വീകരിച്ചത്.
കർണാടകയുടെ നിലപാടിനെ മനുഷ്യത്വരഹിതമെന്ന് ഹൈക്കോടതി വിമർശിച്ചു. കാസർകോട് ചികിത്സ ലഭിക്കാതെ ആറ് പേരാണ് മരിച്ചത്. മംഗലാപുരം അതിർത്തിയിലെ പത്തോർ റോഡിൽ 200 മീറ്റർ ഉള്ളിലേക്ക് കയറി മണ്ണിട്ടുവെന്നും സംസ്ഥാനം ചൂണ്ടികാണിച്ചു. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. കേരള - കർണാടക ചീഫ് സെക്രട്ടറിമാരുടെ യോഗം നാളെ രാവിലെ വിളിക്കുമെന്നും അതുവരെ കാത്തിരിക്കണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി വഴങ്ങിയില്ല. മനുഷ്യജീവൻ കൊണ്ട് കളിക്കാനാവില്ലെന്നും ഇന്ന് തന്നെ ചർച്ച പൂർത്തിയാക്കി വൈകുന്നേരം 5.30 ന് കോടതിയെ അറിയിക്കാനും നിര്‍ദേശം നല്‍കുകയായിരുന്നു.
വൈകുന്നേരം 5.30ന് കേസ് വീണ്ടും പരിഗണിച്ച വേളയിൽ ചീഫ് സെക്രട്ടറിമാര്‍ തമ്മിൽ ചർച്ച നടക്കുകയാണെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഇതോടെയാണ് ചർച്ച പൂർത്തിയായാൽ ഹർജി വീണ്ടും പരിഗണിക്കാമെന്ന് കോടതി നിലപാട് എടുത്തത്. തുടർന്ന് ഏഴരയോടെ കേസിൽ വാദം പൂർത്തിയാക്കി രാത്രി പത്തുമണിയോടെ ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കുകയായിരുന്നു. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും.