എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ഫോണുകൾ ആലുവ ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറണമെന്ന് ഹൈക്കോടതി. കോടതി നിർദേശപ്രകാരം പ്രതികൾ തിങ്കളാഴ്‌ച ഹൈക്കോടതിയിൽ സമർപ്പിച്ച ഫോണുകൾ ഹൈക്കോടതി രജിസ്ട്രാർ ഇന്ന് തന്നെ ആലുവ കോടതിയിൽ നൽകാനാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ നിർദേശം. ഇതോടെ അന്വേഷണ സംഘത്തിന് ഫോണുകൾക്കായി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാൻ കഴിയും.
ഫോണുകൾ അന്വേഷണ സംഘത്തിന് നേരിട്ട് കൈമാറുന്നതിനെ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ശക്തമായി എതിർത്തിരുന്നു. അന്വേഷണ ഉദ്യാഗസ്ഥരും ദിലീപിൻ്റെ അഭിഭാഷകനും പ്രോസിക്യൂഷനും ഹൈക്കോടതി രജിസ്ട്രാറുടെ സാനിധ്യത്തിലാണ് കോടതിയിൽ സമർപ്പിച്ച ഫോണുകൾ പരിശോധിച്ചത്. ഇതേ തുടർന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട സുപ്രധാനമായ ഒന്നാം നമ്പർ ഐ ഫോൺ പ്രതി നൽകിയിട്ടില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ദിലീപിന് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു എന്ന് നാളെ മറ്റ് പ്രതികള്‍ പറയാന്‍ ഇടയാക്കരുതെന്നും അത് പ്രോത്സാഹിപ്പിക്കാനാവില്ലന്നും കോടതി പറഞ്ഞു. പ്രതികൾ കൂടുതൽ ഫോണുകൾ ഉപയോഗിച്ചതായി കണ്ടെത്തിയെന്നും ഈ ഫോണുകളും പരിശോധിക്കണമെന്ന ആവശ്യവും പ്രോസിക്യൂഷൻ ഉന്നയിച്ചു. അതേസമയം പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി വച്ചു.
READ MORE: ഗൂഢാലോചനക്കേസ്; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്‌ച പരിഗണിക്കും