എറണാകുളം: സംസ്ഥാന സര്‍ക്കാറിന്‍റെ നവകേരള സദസില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കുട്ടികളെ കാഴ്‌ച വസ്‌തുക്കളാക്കാന്‍ പാടില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. നവകേരള സദസിൽ കുട്ടികളെ പങ്കെടുപ്പിക്കില്ല എന്ന സർക്കാരിൻ്റെ ഉറപ്പ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയുള്ള ഉപഹർജിയിലാണ് കോടതി വിമർശനം (Navakerala Sadas; Hc About Students Participation).
എല്ലാ കുട്ടികളെയും വിഐപികളായി പരിഗണിക്കണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി സ്‌കൂളിലെ പ്രധാനാധ്യപകര്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും ചോദിച്ചു. കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള നടപടികൾ അംഗീകരിക്കാൻ കഴിയില്ല. ഉദ്യോഗസ്ഥരുടെ നടപടി കുട്ടികളുടെ അന്തസിനെ താഴ്‌ത്തി കെട്ടുന്നതാണെന്നും കോടതി വിമര്‍ശിച്ചു.
മലപ്പുറത്ത് നവകേരള സദസിന് വിദ്യാർഥികളെ അണിനിരത്തിയ ദൃശ്യങ്ങളും ഹർജിക്കാരൻ കോടതിയില്‍ ഹാജരാക്കി. വിഷയത്തില്‍ സർക്കാരിനോട് വിശദീകരണം തേടിയ ഹൈക്കോടതി ഉപഹർജി നവംബര്‍ 30 ന് പരിഗണിക്കാനായി മാറ്റി.